കേരളത്തിനും വേണമൊരു മാറ്റം

മാറി മാറി വരുന്ന അധികാര വർഗത്തിന് തരാതരം പോലെ ഒത്താശ ചെയ്ത് കൊടുത്ത് ഭരണയന്ത്രത്തിന്റെ വളയം പിടിക്കുന്ന ഉദ്യോഗസ്ഥ പ്രഭുക്കളും ചിലത് വെളിപ്പെടുത്താനും മറ്റ് ചിലത് വിസ്മരിക്കാനുമുള്ളതാണെന്ന അലിഖിത നിയമം കൃത്യമായി പാലിച്ചു മുന്നോട്ട് പോകുന്ന നാലാമത്തെ എസ്റ്റേറ്റ്കാരുമെല്ലാം ചേർന്ന് കേരളം എന്ന നമ്മുടെ നാടിനെ ഏത് തലത്തിലാണിപ്പോൾ എത്തിച്ചിരിക്കുന്നത് എന്നത് വിശദമായി തന്നെ ഒരു വിചിന്തനത്തിന് വിധേയമാക്കേണ്ടതുണ്ട്. ഉണ്ട കാണാതായിയെന്ന തമാശയാണിപ്പോഴത്തെ ഏറെ ഗൗരവമേറിയ സി എ ജി റിപ്പോർട്ട് വന്നിട്ടും ഇവിടുള്ളൂ എന്നതാണ് പ്രശ്നം. ഇവിടെ കേരളം രൂപീകൃതമായതിന് ശേഷം ഇന്ന് വരെ ദിവസം മൂന്ന് എന്ന കണക്കിൽ അഴിമതി ആരോപണങ്ങൾ വരുന്നുണ്ട്, അതിന്റെ പേരിൽ നടക്കുന്ന കോലാഹലങ്ങൾ, പൊതുമുതൽ നശിപ്പിക്കൽ അടക്കമുള്ളവയുമെല്ലാം നമുക്കിവിടെ സ്ഥിരം കാഴ്ച്ചയാണല്ലോ, പക്ഷേ നാളിത് വരെ ആർ ബാലകൃഷ്ണപിള്ളയെ കുറച്ച് ദിവസം ഇടമലയാർ കേസിൽ ജയിലിൽ താമസിപ്പിക്കാൻ കഴിഞ്ഞുവെന്നതല്ലാതെയെന്ത് നടപടിയാണു് നാളിത് വരെയുണ്ടായിട്ടുള്ളത്. ഇത് ഇനിയനുവദിക്കാൻ പാടില്ല. ഇവിടെ അഴിമതിക്ക് ശിക്ഷയില്ല, സ്ത്രീപീഢകരും ശിക്ഷിക്കപ്പെടുന്നില്ല. എവിടെയാണ് നാം അനുരഞ്ജനപ്പെടുന്നത് എന്ന് നാം പരിശോധിക്കണം. വാളയാറിൽ പിഞ്ചു കുഞ്ഞുങ്ങളുടെ കാര്യത്തിൽ അറിയപ്പെടുന്ന എഴുത്തുകാരും മറ്റ് പ്രഗൽഭരും കഴിഞ്ഞ ഒരു മാസമായി സെക്രട്ടറിയേറ്റ് പടിക്കൽ സമരമിരുന്നിട്ടും ഒരു പ്രതികരണവും ബന്ധപ്പെട്ട കക്ഷികളുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല എന്നതും “ഇവിടെ സാമ്പ്രദായികമായി പോവുന്ന രീതിയുണ്ട് അത് എന്തന്നാൽ ഇവിടെ സമരങ്ങളും ആരോപണ പ്രത്യാരോപണങ്ങളും നാൾക്കുനാൾ മുറപോലെ വന്നോണ്ടിരിക്കും, അധികാരത്തിനായി വിധിക്കപ്പെട്ടവർ മാറി മാറി വരും അവർ ഇത്തരത്തിലുള്ള പ്രക്ഷോഭക്കാരെ, ഇരകളെ, എല്ലാം തന്നെ തരാതരം പോലെ സമയം പോലെ ഉപയോഗിക്കും കളയും” എന്ന ഇവിടുത്തെ സ്ഥിരമായ രീതിയും നാം കാണണം. നമുക്കും വേണ്ടേ ഒരു മാറ്റം നമ്മെ ഭരിക്കുന്നവരെ ചോദ്യം ചെയ്യാൻ അനുരജ്ഞനത്തിന്റേയോ മറ്റ് ഒറ്റുകൊടുക്കലിന്റെയോ പഴയ രീതി മാറി മുന്നിൽ നിന്ന് ശക്തമായി നയിക്കാനും ജനകീയ പ്രശ്നം ഉയർത്തി പരിഹാരം ഉണ്ടാക്കാനും പ്രാപ്തമായ ഒരിടം അനിവാര്യമല്ലേ? കേരളത്തിന് ഒരു സംവാദ വേദി എന്നത് ആലോചിക്കാവുന്നതല്ലേ? നമുക്ക് ആശയങ്ങൾ പങ്ക് വെക്കാം, നമ്മുടെ നാട് എങ്ങനെയാവണമെന്നത് നമുക്ക് തീരുമാനിക്കാം. തുറന്ന മനസോടെ പൂർണ സമർപ്പണത്തോടെ നമുക്ക് നമ്മുടെ ആവശ്യങ്ങളും നിർദ്ദേശങ്ങളും പൊതുജനത്തിന്റെയും ഭരണകൂടത്തിന്റെയടക്കം മുന്നിൽ വെക്കാം. യോജിക്കാൻ കഴിയുന്നവരുടെ കൂട്ടായ്മയെങ്കിലുമുണ്ടാവേണ്ടേ?

Be the first to reply

Leave a Reply

Your email address will not be published. Required fields are marked *