കൊറോണക്കാലവും തള്ളുകളുടെ പൂക്കാലമാക്കുന്നവർ

കൊറോണക്കാലം തള്ളുകളുടെ പൂക്കാലമാക്കുന്നവർ കേരളത്തിന്റെ ആരോഗ്യരംഗത്തുണ്ടായ ശ്രദ്ധേയമായ മാറ്റത്തിനെയും അതിന്റെ മികവുറ്റ പ്രവർത്തന രീതിയെയും തങ്ങളുടെ മാത്രം മഹിമയായി കാണിക്കാനുള്ള ഇന്നത്തെ സർക്കാറിന്റെ ശ്രമങ്ങളും എല്ലാത്തിനും കാരണം പിണറായി വിജയനും ടീച്ചറമ്മയുമാണെന്ന് പറഞ്ഞുള്ള സോഷ്യൽ മീഡിയയിലും മറ്റുമുള്ള കൂലിയെഴുത്തുകാരുടെയും പി ആർ ഏജന്റ് മാരുടെയും തള്ളിമറിക്കലുകളും കണ്ടിട്ട് സഹിക്കാത്തതിനാലാണിത് എഴുതേണ്ടി വന്നത്. 2004-2014 കാലത്ത് കേന്ദ്രത്തിൽ അധികാരത്തിലുണ്ടായിരുന്ന UPA സർക്കാറിന്റെ ഫ്ലാഗ് ഷിപ്പ് പ്രോഗ്രാമുകളായ വിവരാവകാശ നിയമം, തൊഴിലുറപ്പ് പദ്ധതി, രാജീവ് ഗാന്ധി വൈദ്യുതീകരൺ യോജന, ഇന്ദിരാ ആവാസ് യോജന, പ്രധാൻമന്ത്രി ഗ്രാമീൺ സഠക് യോജന, നാഷനൽ റൂറൽ ഹെൽത്ത് മിഷൻ (രണ്ടാം യുപിഎ കാലത്ത് നഗരങ്ങളെയും ഉൾപ്പെടുത്തി നാഷനൽ ഹെൽത്ത് മിഷനാക്കി), ഭക്ഷ്യ സുരക്ഷാ പദ്ധതി, ജെനറം (ലോ ഫ്ലോർ ബസുകളടക്കം) തുടങ്ങി ഐതിഹാസികമായ ഒട്ടനവധി പദ്ധതികളിലൊന്നായ നാഷനൽ ഹെൽത്ത് മിഷൻ പ്രവർത്തനങ്ങളാണിന്ന് ഇവിടെ മികച്ച് കാണുന്നതെന്നോർക്കണം. അത് കൊണ്ട് തന്നെയാണ് രാജ്യത്താകെ നമുക്ക് ആരോഗ്യരംഗത്ത് നേട്ടമുണ്ടാക്കാൻ കഴിഞ്ഞത്. 2005 ഏപ്രിൽ 12 ന് (ഒന്നാം യു പി എ സർക്കാറിന്റെ ആദ്യ കാലം) അന്നത്തെ പ്രധാനമന്ത്രി ഡോക്ടർ മൻമോഹൻ സിങ്ങ് പ്രഖ്യാപിച്ച പദ്ധതിയാണ് നാഷനൽ റൂറൽ ഹെൽത്ത് മിഷൻ (NRHM). ഇതിന്റെ പ്രവർത്തനങ്ങൾ കേരളത്തിലാരംഭിച്ചത് 2007ലാണ്. പദ്ധതി പ്രകാരം ഓരോ ആയിരം പേർക്കും ഒരു ആശാ വർക്കർ ഉണ്ടാവും (ASHA- Accredited Social Health Activist) കൂടാതെ ഡോക്ടർ,JPHN, ലാബ് ടെക്നീഷ്യൻ, തുടങ്ങിയെല്ലാ സേവനങ്ങളെയും പിഎച്ച്സി, സിഎച്ച്സി, ജില്ലാ, താലൂക്ക് ആശുപത്രികൾ, ജനറൽ ആശുപത്രികൾ എന്നിവിടങ്ങളിലെല്ലാം വിന്യസിച്ചിട്ടുണ്ട്. ഇതിന്റെയൊക്കെ ക്രോഡീകരണത്തിനായി പ്രാദേശികമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ലെയ്സൺ ഓഫീസർമാരെയും നിയമിച്ചിട്ടുമുണ്ട്. ഇതുണ്ടാക്കിയ വിപ്ലവകരമായ മാറ്റം ചെറുതല്ല. പൂർണമായും കേന്ദ്ര സർക്കാറിന്റെ ഫണ്ടിൽ പ്രവർത്തിക്കുന്ന ഈ സംവിധാനത്തിന്റെ ഗ്രാസ്റൂട്ട് ലെവൽ പ്രവർത്തനങ്ങൾ കാരണമാണ് രാജ്യത്തുടനീളം ഇത്തരത്തിലുള്ള മാറ്റം ആരോഗ്യരംഗത്തുണ്ടായത്. മറ്റുള്ള സംസ്ഥാനങ്ങളേക്കാളും കേരളത്തിൽ മാറ്റങ്ങൾ ഉണ്ടാവാനുണ്ടായ കാരണം മിഷിനറി കാലം മുതലുള്ള നമ്മുടെ ആരോഗ്യരംഗത്തെ വലിയ മുന്നേറ്റത്തിന്റെ ഭാഗം കൂടിയാവാം അല്ലാതെ, ആരും എട്ടുകാലി മമ്മൂഞ്ഞായി വരേണ്ട എന്നാണ് പറയാനുള്ളത്. ഈ നേട്ടത്തിൽ ആർക്കെങ്കിലും നാം നന്ദി പറയേണ്ടതുണ്ടെങ്കിൽ അത് യുപിഎ സർക്കാറിനും യു പി എ അധ്യക്ഷ സോണിയാ ഗാന്ധിക്കും പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനും മറ്റ് നേതാക്കൾക്കുമെല്ലാതെ മറ്റാർക്കാണ്. ഈ പദ്ധതിയുടെ കീഴിൽ പ്രവർത്തിക്കുന്ന ആയിരക്കണക്കിന് ആശാ വർക്കർമാരുണ്ട്, അവരുടെയെല്ലാം നിസ്വാർത്ഥവും ത്യാഗോജ്ജലവുമായ പ്രവർത്തനങ്ങളാണ് ആരോഗ്യരംഗത്തെ ഈ കാണുന്ന മാറ്റങ്ങളുടെ ആണിക്കൽ. വെയിലെന്നോ മഴയെന്നോ നോക്കാതെ രാപ്പകൽ സ്വയം ജീവൻ പണയം വെച്ച് പ്രവർത്തിക്കുന്ന അവർ സമയാസമയം കൊടുക്കുന്ന റിപ്പോർട്ട് ആണ് ഭരണാധിപൻമാർ തത്സമയ സംപ്രേഷണങ്ങളിൽ ഇരുന്ന് വിളമ്പുന്നത്. കൃത്യമായ സുരക്ഷയോ പ്രവർത്തന സാഹചര്യമോ ഇക്കൂട്ടർക്കില്ല. തുഛമായ വേതനത്തിലാണിവർ ജോലി ചെയ്യുന്നത്. എന്നിട്ടുപോലുമിവർ എന്നും എല്ലാഴ്പോഴും തഴയപ്പെടുന്നുവെന്നതാണ് സത്യം. ഇവരുടെ വേതനവും പ്രവർത്തന സാഹചര്യവും കാലഘട്ടത്തിനൊത്ത് ക്രമീകരിക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്ന് ഇത്തരുണത്തിൽ സൂചിപ്പിക്കുന്നു. അത് പോലെ അഞ്ച് ദിവസം കൊണ്ട് കാസർകോഡ് കോവിഡാശുപത്രി സജ്ജീകരിച്ചുവെന്ന് വീമ്പ് പറയുന്ന കൂട്ടർക്കറിയാമോ ആരാണ് കാസർകോഡ് മെഡിക്കൽ കോളജിന്റെ പണി തുടങ്ങിവെച്ചത് എന്ന്, 2011 ൽ ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിലെത്തിയ സമയം കേരളത്തിലാകെ അഞ്ച് സർക്കാർ മെഡിക്കൽ കോളജുകൾ മാത്രമാണുണ്ടായത്. ഉമ്മൻ ചാണ്ടി സർക്കാർ പുതിയ എട്ട് സർക്കാർ മെഡിക്കൽ കോളജുകളും സഹകരണ മെഡിക്കൽ കോളജുകളുമടക്കം 12 മെഡിക്കൽ കോളജുകൾ ആരംഭിക്കാനുള്ള പ്രവർത്തനം ആരംഭിച്ചു. കാസർക്കോഡ് മെഡിക്കൽ കോളജിന്റെ കെട്ടിട നിർമാണം പൂർണമായും ആശുപത്രിയുടെ കെട്ടിടത്തിന്റെ ഭാഗിക നിർമാണവും ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്ത് തന്നെ പൂർത്തിയായതാണ്. പിന്നീട് വന്ന പിണറായി സർക്കാർ ബോധപൂർവം ഇത് പൂർത്തിയാക്കാതെ അലംഭാവം കാണിച്ചതിന്റെ ഭാഗമായാണ് ചികിത്സ കിട്ടാതെ പത്തോളം പേർ മരിച്ച സാഹചര്യമവിടെയുണ്ടായത്. അവരുടെ ജീവൻ നഷ്ടപ്പെട്ടതിന്റെ ഉത്തരവാദിത്തം ഈ സർക്കാറിന് തന്നെയാണ്. അത് പോലെ കഴിഞ്ഞ ഐക്യജനാധിപത്യ സർക്കാറിന്റെ ജനോപകാര പദ്ധതികളെല്ലാം ഞങ്ങളുടെ സംഭാവനയാണ് എന്ന രീതിയിൽ തങ്ങളുടെ സൈബർ കൂലിക്കാരെക്കൊണ്ട് പറയിപ്പിക്കുന്നവരുടെ തനത് സംഭാവനകളെന്തൊക്കെയാണ് എന്നറിഞ്ഞാൽ നന്നായിരുന്നു.ഇത് സംബന്ധിച്ച് ഒരു പരസ്യസംവാദത്തിനും തയ്യാറാണ്. പൗരന്മാർക്കും സമ്പൂർണ ആരോഗ്യ ഇൻഷുറൻസ് ആരംഭിച്ചു, ബധിരമൂകരായവര്‍ക്ക് ശബ്ദത്തിന്റെ വഴി തുറക്കുന്ന ശസ്ത്രക്രിയയ്ക്ക് സൗജന്യ കോക്ലിയര്‍ ലഭ്യമാകുന്ന ‘ശ്രുതി തരംഗം’ പദ്ധതി പ്രകാരം ആയിരങ്ങൾക്കാണ് ജീവിതം തിരിച്ചു കിട്ടിയത്. ഡോകടർ എം കെ മുനീറിനെയും ഇക്കാര്യത്തിൽ അഭിനന്ദിക്കേണ്ടതാണ്. എല്ലാ സർക്കാർ ആശുപത്രികളിലും 939 മരുന്നുകൾ പൂർണമായും സൗജന്യമായി വിതരണം ചെയ്യുന്നതിന് പുറമെ കേൻസർ രോഗികൾക്ക് സമ്പൂർണമായി മരുന്നുകൾ വിതരണം ചെയ്തു. മാനസിക രോഗികളുടെ സംരക്ഷണത്തിനും പരിചരണത്തിനും ആശാഭവൻ എന്ന പേരിൽ കർമപദ്ധതി, ജീവിത സന്ധ്യകളിൽ തണലായി വയോമിത്ര പദ്ധതി, 65 വയസിന് മുകളിൽ പ്രായമുള്ളവർക്ക് നഗരപ്രദേശങ്ങളിൽ മൊബൈൽ ക്ലിനിക്കും വൈദ്യ സഹായവും മരുന്നും സൗജന്യമായി നൽകുന്ന പദ്ധതി. കിടപ്പ് രോഗികൾക്ക് വീടുകളിൽ ചെന്ന് പാലിയേറ്റീവ് ഹോം കെയർ. വയോജനങ്ങൾക്ക് ആശുപത്രിയിൽ പോവാനും തിരിച്ചും പ്രത്യേക ആംബുലൻസ് സേവനം എന്ന് വേണ്ട സമഗ്ര ഇടപെടലാണ് ഉമ്മൻ ചാണ്ടി സർക്കാർ നടത്തിയത്. വി.എസ്.ശിവകുമാർ ആരോഗ്യ വകുപ്പു മന്ത്രിയിയിരുന്നപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളജിന് അനുബന്ധമായി വലിയൊരു ആശുപത്രി സമുച്ചയം നിർമിച്ചു. മുഖ്യമന്ത്രിയായിരുന്ന ശ്രീ ഉമ്മൻ ചാണ്ടിയായിരുന്നു അത് ഉദ്ഘാടനം ചെയ്തത്.ഈ സർക്കാർ വന്നപ്പോൾ ഉണ്ടായ ഒരനുഭവം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തന്നെ ഒരഭിമുഖത്തിൽ പറയുന്നത് കേട്ടു “ഒരു ഉദ്യോഗസ്ഥൻ നോട്ടീസുമായി വരുന്നു. ആശുപത്രി സമുച്ചയത്തിന്റെ ഉദ്ഘാടനത്തിൽ പങ്കെടുക്കണമെന്നു ആവശ്യവുമായാണ് വന്നത്. ഇതു മുൻപു ഉദ്ഘാടനം ചെയ്തതല്ലേ എന്നു ചോദിച്ചപ്പോൾ ഒന്നുകൂടി ഉദ്ഘാടനം ചെയ്യുന്നെന്നായിരുന്നു മറുപടി. പ്രവർത്തനോദ്ഘാടനമാണ് ഇപ്പോഴെന്നും പറഞ്ഞു. ജില്ലയിലെ എം എൽ എ കൂടിയായ മുൻ ആരോഗ്യ വകുപ്പ് മന്ത്രിയെ ആ പരിപാടിയിൽ ഉൾപ്പെടുത്തി പോലുമില്ല. അത് പോലെ കമ്യുണിറ്റി കിച്ചന്റെ കാര്യം നോക്കാം, കമ്യൂണിറ്റി കിച്ചനെന്നാൽ പിണറായി വിജയന്റെ കണ്ടുപിടിത്തമാണ് എന്നാണ് പലരുടെയും വിചാരം.എന്താണ് Community Kitchen(സാമൂഹിക അടുക്കള)അട്ടപ്പാടിയിൽ അടിക്കടി ഉണ്ടായ ശിശുമരണം കാരണം പോഷകാഹാര കുറവുള്ള ഗർഭിണികൾക്കും ശിശുക്കൾക്കും വേണ്ടി 2013-14 കാലയളവിൽ,അന്ന് കേന്ദ്ര സർക്കാരിന്റെ വിവിധ ഏജൻസികൾ, ന്യൂട്രിഷൻ ബോർഡ്, മഹിളാ സമഖ്യ സൊസൈറ്റി, എന്നിങ്ങനെ നിരന്തരം സന്ദർശനം നടത്തിയിരുന്നു. ഒടുവിൽ കേന്ദ്ര ഗ്രാമ വികസന വകുപ്പ് മന്ത്രി ജയറാം രമേശ് തന്നെ വന്ന് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചതിൽ ഒന്ന് community kitchen ആയിരുന്നു. ആ പ്രദേശത്തെ തനതു ഭക്ഷണം(ആദിവാസികളുപയോഗിക്കുന്ന പരിപ്പ്,ധാന്യങ്ങളായിരുന്നു മെനു) അതിൽ വിവിധ അടുക്കളകൾ വിവിധ സന്നദ്ധ സംഘടനകളുടെ കീഴിലായിരുന്നു. അന്ന് ഉമ്മൻ ചാണ്ടിയും, M.K.മുനീറും നിരവധി തവണ അവിടെ എത്തി പുരോഗതി വിലയിരുത്തിയ കാര്യം നമുക്കെല്ലാം അറിയുന്നതല്ലേ. അന്നൊന്നും ഇത്ര ‘തള്ള്’ ഉണ്ടായിരുന്നതായും നാാമൊന്നും ഓർക്കുന്നില്ല….വൈക്കം സത്യഗ്രഹ കാലത്തു പഞ്ചാബിൽ നിന്നും സിക്കുകാരുടെ നേതൃത്വത്തിൽ community kitchen പ്രവർത്തിച്ചിരുന്നുവെന്ന് വായിച്ചിട്ടുണ്ട്. ഒരു പക്ഷേ കേരളത്തിലെ ആദ്യത്തെ community kitchen അതായിരിക്കും. ഇപ്പോഴത്തെ തള്ളൽ കണ്ടാൽ ഇതെല്ലാം ഒരാളുടെ മാത്രം കണ്ടു പിടിത്തമാണെന്ന് തോന്നിപ്പോവുംഏറ്റവും സങ്കീർണമായ ഈ കാലഘട്ടത്തിൽ കക്ഷിരാഷ്ട്രീയം പറയേണ്ട സമയമല്ലെന്നും അത് അനുചിതമാണെന്നും ബോധ്യമുണ്ട്, പക്ഷേ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ഇവരിത്തരം പ്രചാരവേലകൾ നടത്തുമ്പോൾ അതിനെ തിരുത്തേണ്ടത് അനിവാര്യമായതിനാലാണ് ഇങ്ങനെ എഴുതുന്നത്.

Be the first to reply

Leave a Reply

Your email address will not be published. Required fields are marked *