പൗരത്വം ഔദാര്യമല്ല, അതവകാശമാണ്

പൗരത്വം ഔദാര്യമല്ല, അവകാശമാണ് ലോകത്തിനാകെ മാതൃകയായ ഉൾക്കൊള്ളലിന്റെയും സ്വീകരണത്തിന്റേയും ഉന്നതമായ രീതിയവലംബിച്ച പ്രത്യയശാസ്ത്രവക്താക്കളായ ഇന്ത്യയെ ലോകത്തിന് മുന്നിൽ നാണം കെടുത്തുന്ന സ്ഥിതിയാണ് പുതിയ പൗരത്വ ഭേദഗതി നിയമം പാസാക്കുന്നതിലൂടെ ഇന്ത്യയിലെ നവ ഫാസിസ്റ്റ് സർക്കാർ ഉണ്ടാക്കിയിരിക്കുന്നത്.മഹാത്മാഗാന്ധിയും ജവഹർലാൽ നെഹ്റുവും ബി ആർ അംബേദ്കറും മൗലാനാ അബ്ദുൽ കലാം ആസാദുമടക്കം ഒട്ടേറെ ത്യാഗികളായ മഹാന്മാരുടെ നിർമിതിയെയാണ് ഈ നിയമം വെച്ച് ഇക്കൂട്ടർ റദ്ദ് ചെയ്യാൻ ശ്രമിക്കുന്നത്. ഇത് ഏതെങ്കിലും ഒരു വിഭാഗത്തിന്റെ പ്രശ്നമല്ല. മാനവികതയുടെയാകെയും ഇന്ത്യ എന്ന ഉന്നത സങ്കൽപ്പത്തിന്റെ തന്നെയും പ്രശ്നമാണ്. ഇതിനെ ജാതി മത ദേശ വ്യത്യാസമില്ലാതെ ചെറുത്തു തോൽപ്പിക്കേണ്ടതായിട്ടുണ്ട്. നവ ഫാസിസത്തിന്റെ അനിവാര്യമായ തകർച്ചയുടെ കാഹളം തന്നെയാണ് ദില്ലി തെരഞ്ഞെടുപ്പ് വിധിയിലൂടെ ഉണ്ടായിരിക്കുന്നത് എന്നത് ഇന്ത്യ ഇന്ത്യയായി നിലനിൽക്കണമെന്നാഗ്രഹിക്കുന്ന ഓരോ വ്യക്തിക്കും ആശ്വാസത്തിന് വകനൽകുന്നതാണ്. മനുഷ്യൻ ഉണ്ടായ കാലം മുതലേ പാലായനങ്ങളും കുടിയേറ്റങ്ങളും എല്ലാ സ്ഥലങ്ങളിലും വ്യാപകമായി നടക്കുന്നതാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നാമിന്ന് കാണുന്ന എല്ലാ ജനവിഭാഗങ്ങളും വിവിധയിടങ്ങളിൽ നിന്നായി വ്യത്യസ്ത കാലഘട്ടങ്ങളിൽ എത്തിച്ചേർന്നവരും അവശേഷിക്കുന്നവരുമായ പിതാമഹന്മാരുടെ സന്തതിപരമ്പരകൾ തന്നെയാണ്. ആധുനിക സമൂഹം രാജ്യങ്ങൾക്കും ദേശങ്ങൾക്കും അതിരുകളും വ്യത്യസ്തത ഭരണ സംവിധാനങ്ങളും ഏർപ്പെടുത്തുകയും അതിലെ മനുഷ്യർക്ക് ചില അവകാശങ്ങളും അധികാരങ്ങളും വകവെച്ച് നൽകുകയും ചെയ്തിരിക്കുന്നു. ലോകത്ത് രണ്ട് തരം പൗരത്വ നിർണയ സംവിധാനമാണ് സാധാരണ ഉപയോഗിച്ച് വരുന്നത്. ഒന്ന് ജസ് സോളി എന്നറിയപ്പെടുന്നു. പൗരത്വമെന്നത് ജന്മാവകാശം ആണെന്നും ജനിച്ച മണ്ണിന്റെ അവകാശമാണെന്നും വ്യവസ്ഥ ചെയ്ത് പൗരത്വം നിർണയിക്കുന്ന സംവിധാനത്തെയാണ് ജസ് സോളി എന്ന് പറയുന്നത്. അതിൽ മാതാപിതാക്കളുടെ ജന്മദേശം പരിഗണിക്കാതെ തന്നെ ജനിച്ച മണ്ണിന്റെ അവകാശാടിസ്ഥാനത്തിൽ പൗരത്വമനുവദിക്കുന്നു. ജസ് സാൻഗ്വിനിസ് എന്നതാണ് രണ്ടാമത്തെ പൗരത്വ നിർണയ തത്വം, ഇത് വംശീയമായി നൽകുന്നതാണ്. ജനിച്ചതോ ജീവിക്കുന്നതോ ആയ സ്ഥലത്തിനോ മറ്റെന്തെങ്കിലും അവകാശങ്ങൾക്കോ യാതൊരു പ്രസക്തിയുമില്ലാതെ ജനിച്ച വംശത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നിർണയിച്ച് നൽകുന്നു. അതായത് പൂർണമായും രക്താടിസ്ഥാനത്തിൽ. എന്നാൽ നാളിത് വരെ ഇന്ത്യയിൽ പൗരത്വ നിർണയത്തിന് നാം പ്രയോഗിച്ചു വരുന്നത് ഈ രണ്ട് രീതികളുടെയും സമ്മിശ്ര രൂപമാണ്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ അഞ്ച് പ്രകാരം പൗരത്വത്തെ നിർണയിക്കുന്നതിപ്രകാരമാണ്, ഭരണഘടന നിലവിൽ വരുന്ന തിയ്യതി മുതൽ ഇന്ത്യ വാസസ്ഥലമാക്കിയ ഓരോ വ്യക്തിക്കും
എ) ഇന്ത്യയുടെ ഭൂഭാഗത്ത് ജനിക്കുകയോ
ബി) മാതാപിതാക്കൾ ആരെങ്കിലും ഇന്ത്യയുടെ ഭൂഭാഗത്ത് ജനിക്കുകയോ
സി) ഭരണഘടന നടപ്പിലാക്കുന്ന തിയ്യതി തൊട്ട് മുമ്പുള്ള തിയ്യതി മുതൽ അഞ്ച് വർഷത്തിൽ കുറയാതെ ഇന്ത്യൻ ഭൂഭാഗത്ത് താമസിക്കുകയോ ചെയ്താൽ ഒരു വ്യക്തി ഇന്ത്യൻ പൗരനായിരിക്കും എന്നതാണ്. അതായത് പൗരത്വത്തിന്റെ നിർവചനത്തിൽ മതത്തിന് യാതൊരു ഇടപെടലുമില്ല എന്നത് സുവ്യക്തമാണ്. അത്രയേറെ ഉൽകൃഷ്ടവും ഉന്നതവുമായ ഒരു ഭരണഘടന നിലനിൽക്കുന്ന രാജ്യമാണ് ഇന്ത്യ എന്നിരിക്കെ, കേവലം പത്ത് വോട്ട് എങ്ങനെ ഒപ്പിക്കുമെന്ന കുടില ചിന്തയിൽ വിവേചനപരമായ ഒരു ഭേദഗതി പാർലിമെന്റിൽ കൊണ്ട് വന്ന് ജനങ്ങൾ നൽകിയ ഭൂരിപക്ഷം ഉപയോഗിച്ച് ,വോട്ട് ചെയ്ത ജനങ്ങളോട് പൗരത്വം വേണമെങ്കിൽ നിങ്ങൾ രേഖ ഹാജരാക്കണമെന്ന് പറയുന്നത് എന്തൊരു വിരോധാഭാസമാണ്? നാളിത് വരെ നമ്മൾ രേഖകളായി കൊട്ടിഘോഷിച്ച് നടന്ന തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡും ആധാർ കാർഡുമടക്കം സകലരേഖകളും പൗരത്വത്തിനാധാരമല്ലെന്നും, ലോകത്തിന് മുമ്പിൽ സമർപ്പിക്കാനായി രാഷ്ട്രപതിയുടെ സാക്ഷ്യത്തോടെ അനുവദിക്കുന്ന പാസ്പോർട്ട് പോലും പൗരത്വ വിഷയത്തിൽ റദ്ദ് ചെയ്ത അങ്ങേയറ്റം തമാശ നിറഞ്ഞതും ,
അത്ര തന്നെ ഭീതിപ്പെടുത്തുന്നതുമായ സാഹചര്യത്തിലാണിന്ന് നാം എത്തിച്ചേർന്നിരിക്കുന്നത്. രണ്ട് പ്രാവശ്യം എംഎൽഎ ആയിരിക്കുകയും മൂന്ന് പതിറ്റാണ്ട് കാലത്തെ പൊതുപ്രവർത്തന പാരമ്പര്യം പറയാൻ കഴിയുകയും ചെയ്യുന്ന എനിക്ക് പോലും പിതാമഹന്മാരുടെയോ മാതാമഹിമാരുടെയോ ജന സർട്ടിഫിക്കറ്റ് ഹാജരാക്കാൻ കഴിയില്ലെന്നിരിക്കെ, സാധാരണക്കാരായ ലക്ഷോപലക്ഷം ജനങ്ങളെങ്ങനെയാണ് അവരുടെ പൗരത്വം തെളിയിക്കുക എന്ന ചോദ്യമാണ് ഏറെ പ്രസക്തം.
വ്യാപകമായ അഴിമതിയും ഉദ്യോഗസ്ഥ താൻ പ്രമാണിത്വവുമാണിനിയുള്ള നാളുകളിൽ ഈ വിഷയത്തിൽ നമുക്ക് കാണാൻ കഴിയുക. കഴിഞ്ഞ ദിവസം ശ്രീ ..കെ മുരളീധരൻ എം പി പറഞ്ഞത് കെ കരുണാകരന്റെ ജനനം തെളിയാക്കാനുള്ള രേഖയില്ലെന്നാണ്,? ഇതെന്തൊരു വിരോധാഭാസമാണ്. ആസാമിൽ വിശിഷ്ട സേവനത്തിനുള്ള മെഡൽ സ്വന്തമാക്കിയ ജവാനും മുൻ രാഷ്ട്രപതിയുടെ പിന്മുറക്കാരുമടക്കം പൗരത്വ പട്ടികയിൽ നിന്ന് പുറത്ത് പോയത് നാം കണ്ടതാണല്ലോ. ജനന സർട്ടിഫിക്കറ്റ് ഹാജരാക്കാൻ കഴിയാത്തവരോട് പൂർവിക ഭൂമിയുടെ പ്രമാണമാണ് ഹാജരാക്കാൻ പറയുന്നത്. ഇന്ത്യയിലെ തന്നെ ഒന്നാം നമ്പർ സംസ്ഥാനമായ കേരളത്തിൽ പോലും 1957 ന് ശേഷമാണ് കുടികിടപ്പ് നിയമ പ്രകാരം കുറേ പേർക്ക് ഭൂമി കിട്ടുന്നത്. അതിന് മുമ്പ് ആർക്കാണിവിടെ ഭൂമിയുള്ളത്. അങ്ങനെ വരേണ്യനെ മാത്രം മനസിൽ കണ്ട് കൊണ്ട് ചാതുർവർണ്യ സമ്പ്രദായത്തിനെ ഉയർത്തെഴുന്നേൽപ്പിക്കാൻ ആദ്യ ഘട്ടമെന്ന നിലയിൽ മുസ്ലിങ്ങളുടെ നേർക്ക് വന്നുവെന്നേയുള്ളൂ. ഇവർ സമീപ ഭാവിയിൽ തന്നെ മറ്റ് മതക്കാരുടെയും അവർണന്റെയും ദളിതന്റെയും മറ്റ് പിന്നോക്കക്കാരന്റെയും സമീപമെത്തുമെന്ന കാര്യത്തിൽ ഒരു തർക്കവുമില്ല. ആധുനിക കാലത്ത് മാനവികതക്കും മനുഷ്യാവകാശങ്ങൾക്കും വലിയ മഹൗന്നത്യം നൽകി ലോകം മുന്നോട്ട് പോവുമ്പോൾ ജന്മത്തിന്റെയും വംശത്തിന്റെയും കുലത്തിന്റെയും ദേശത്തിന്റെയും ഭാഷയുടെയും വർണത്തിന്റെയും എന്ന് വേണ്ട സകല പിന്തിരിപ്പൻ വാദങ്ങളുടെയും വക്താക്കളായി ,
ഒരു പക്ഷത്തോരം ചേർന്ന്,
ഭിന്നിപ്പിച്ച് അധികാരനേട്ടം കൈക്കലാക്കാനുള്ള ഫാസിസ്റ്റ് ശ്രമത്തെ ശക്തമായി നേരിടുക തന്നെ വേണം. ലോകമൊന്നാകെ മനുഷ്യാവകാശ സംരക്ഷണത്തിനും വിവേചനങ്ങൾക്കെതിരെയും പ്രവർത്തിക്കുമ്പോൾ, ജാതി മത ലിംഗ വർണ വിവേചനങ്ങളില്ലാത്ത ഒരു സമൂഹ നിർമിതിക്ക് വേണ്ടി നിലകൊള്ളുമ്പോൾ ലോകത്തിനെന്നും മാതൃകയായിരുന്ന നമ്മൾ തിരിഞ്ഞു നടക്കുന്നുവെന്നത് ഖേദകരമാണ്. അതു കൊണ്ട് കൂടിയാണ് പൗരത്വ ഭേദഗതി ബില്ലിനെതിരെ ഐക്യരാഷ്ട്രസഭ ഡിസംബർ 13ന് തന്നെ പരസ്യമായി ആശങ്ക പ്രകടിപ്പിച്ചത്. പൗരത്വ ഭേദഗതി ബിൽ ഇന്ത്യയുടെ പരമാധികാരത്തിന്റെ പരിധിയിൽ വരുന്ന വിഷയമാണെന്നും അക്കാര്യത്തിൽ കടന്നു കയറി അഭിപ്രായം പറയുന്നത് സ്വതന്ത്ര രാജ്യമെന്ന നിലയിൽ ഇന്ത്യക്കുള്ള സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യലാണെന്നും രാജ്യത്തിന്റെ പാർലിമെന്റ് എടുത്ത തീരുമാനത്തിനെതിരെ അഭിപ്രായം പറയാൻ ഐക്യരാഷ്ട്രസഭക്കെന്ത അവകാശം എന്നുമാണ് ബില്ലിനെ അനുകൂലിക്കുന്നവർ ചോദിക്കുന്നത്. എന്ത് കൊണ്ടാണ് ഇത്തരത്തിൽ യുഎൻ പ്രതികരിച്ചത് എന്നറിയാതെയാണിവർ യു എന്നിനെ വിമർശിക്കുന്നത്
പത്രക്കുറിപ്പിൽ പറയുന്നത് ഇങ്ങനെ:
ഭേദഗതി ചെയ്യപ്പെട്ട നിയമത്തിൽ ഇന്ത്യയുടെ ഭരണഘടനയിൽ അധിഷ്ഠിതമായ തുല്യതയോടുള്ള പ്രതിബന്ധതയെ അട്ടിമറിക്കാനുള്ള സാധ്യത ഉണ്ട്. അതോടൊപ്പം വംശീയ, മതാതിഷ്ഠിത അടിസ്ഥാനത്തിലുള്ള വിവേചനങ്ങൾ നിരോധിക്കും എന്ന് വ്യക്തമാക്കി ഇന്ത്യ, ഇൻറർനാഷണൽ കവനന്റ് ഓൺ സിവിൽ ആന്റ് പൊളിറ്റിക്കൽ റൈറ്റ്സ്, കൺവൻഷൻ ഫോർ എലിമിനേഷൻ ഓഫ് റേഷ്യൽ ഡിസ്ക്രിമിനേഷൻ എന്നീ അന്താരാഷ്ട്ര ഉടമ്പടികളിൽ ഒപ്പ് വച്ചിട്ടിട്ടുണ്ട്. ഈ രണ്ട് അന്താരാഷ്ട്ര ഉടമ്പടികളിൽ ഒപ്പ് വച്ചതിന്റെ ഭാഗമായി ഇന്ത്യക്കുള്ള ചുമതലകളെയും നിയമഭേദഗതി അട്ടിമറിക്കാനുള്ള സാധ്യതയുണ്ട്. തുടർന്ന് പത്രക്കുറിപ്പ് ഇങ്ങനെ തുടരുന്നു: വെറും 11 മാസങ്ങൾക്ക് മുമ്പ് ഇന്ത്യ ഗ്ലോബൽ കോംപാക്ട് ഫോർ സേഫ് റെഗുലർ ആൻറ് ഓർഡിനറി മൈഗ്രേഷൻ എന്ന അന്താരാഷ്ട്ര ഉsമ്പടിയിൽ ഒപ്പ് വെക്കുകയുണ്ടായി. ദുരിതങ്ങളുടെ സമയത്തും, ഏകപക്ഷീയ തടവ് ഒഴിവാക്കിക്കൊണ്ടും, സംയുക്ത പുറത്താക്കൽ ഒഴിവാക്കിയും, എല്ലാ കുടിയേറ്റ ഭരണ നടപടികളും മനുഷ്യാവകാശ അധിഷ്ഠിതമായിരിക്കണം എന്നും ഇന്ത്യ ഈ കരാറിന്റെ ഭാഗമായി ഉറപ്പ് നൽകിയിട്ടുണ്ട് അതായത്, രണ്ട് കാര്യങ്ങളാണ് മേല്പറഞ്ഞ വസ്തുതകളിൽ നിന്ന് അർത്ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാകുന്നത്. ഒന്നാമതായി,എല്ലാ കുടിയേറ്റക്കാരും അവരുടെ കുടിയേറ്റത്തിന്റെ തലം കണക്കാക്കാതെ, ബഹുമാനത്തിനും, സംരക്ഷത്തിനും, മനുഷ്യാവകാശങ്ങൾ ഉറപ്പാക്കപ്പെടുന്നതിനും അർഹരാണ് എന്നതാണത്. രണ്ടാമതായി, കടിയേറ്റക്കാർക്കെതിരെ ഒരു തരത്തിലുള്ള വിവേചനവും പാടില്ല എന്നുമാണ് .
ഈ രണ്ട് കാര്യങ്ങളും, ഇന്ത്യ ഒപ്പ് വച്ച അന്താരാഷ്ട്ര ഉടമ്പടികളിൽ അംഗീകരിച്ചതാണ് എന്നതിനാൽ, ഇത് ഇന്ത്യയുടെ ചുമതലയാണ് എന്നാണ് ഐക്യരാഷ്ട്രസഭ കേന്ദ്ര സർക്കാരിനെ ഓർമ്മപ്പെടുത്തുന്നത്. ഇന്ത്യയുടെ ഈ ഉത്തരരവാദിത്തങ്ങളും ചുമതലകളും,പൗരത്വ ഭേദഗതി നിയമം പാസ്സാക്കപ്പെട്ടതിലൂടെ ലംഘിക്കപ്പെട്ടിരിക്കുന്നു എന്ന വ്യക്തമായ സൂചനയും, ഐക്യരാഷ്ട്രസഭ, ഡിസംബർ 13 ലെ പത്രക്കുറിപ്പിലൂടെ നൽകിയിരിക്കുന്നു. അങ്ങനെ സർവ അന്താരാഷ്ട്ര മര്യാദകളും ലംഘിച്ചാണ് കേന്ദ്ര ഭരണകൂടം ഈ വിവേചനബില്ലുമായി മുന്നോട്ട് പോവുന്നത്.

Be the first to reply

Leave a Reply

Your email address will not be published. Required fields are marked *