അംബേദ്കറിലെ ജനാധിപത്യ വിചാരങ്ങൾ

മഹാനായ അംബേദ്കറുടെ നൂറ്റി ഇരുപത്തി ഒൻപതാമത് ജന്മദിനാചരണ ദിനമായ ഇന്ന് കൊറോണ ഭീതിയിൽ അകത്തളങ്ങളിലാക്കപ്പെട്ട ഒരു പറ്റം വീട്ടുതടങ്കലുകാരോട് തടങ്കലിൽ ഇരുന്നു കൊണ്ട് എഴുതുന്ന ജനാധിപത്യ വിചാരത്തിന് വേണ്ടത്ര തെളിച്ച മുണ്ടാവുമോന്നറിയില്ല. എന്നാലും അംബേദ്കറുടെ ജയന്തി കടന്ന് പോവുമ്പോൾ സ്വൽപമെങ്കിലും അംബദ്കർ വിചാരമില്ലാതെ പോയാൽ ഈ കാലഘട്ടത്തിനോട് തന്നെ ചെയ്യുന്ന വലിയ അനീതിയായിരിക്കുമെന്ന ബോധ്യത്താൽ അൽപം കാര്യങ്ങൾ പങ്ക് വെക്കുന്നു. കൊറോണ കാലം തുടങ്ങുന്നതിന് തൊട്ടു മുമ്പുവരെയുള്ള ദിനത്തിലും വരെ ഇന്ത്യയുടെ കേമ്പസുകളിലും തെരുവുകളിലുമടക്കം സകലയിടങ്ങളിലും മുഴങ്ങിക്കേട്ടതും ഉയർത്തി പിടിക്കപ്പെട്ടതും ചർച്ച ചെയ്യപ്പെട്ടതും മഹാനായ ബാബാ സാഹെബ് അംബേദ്കറും അദ്ദേഹത്തിന്റെ മുദ്രാവാക്യങ്ങളും നിലപാടുകളുമാണെന്ന കാര്യത്തിൽ ആർക്കും രണ്ടഭിപ്രായമില്ല. സമത്വമെന്ന ആശയത്തിനായി ഒരു പുരുഷായുസ് മുഴുവൻ പ്രയത്നിനിച്ച ആ മഹാനുഭാവൻ ഭാരതത്തിനായി സമ്മാനിച്ച ഭരണഘടനയെ പൂർണമായും വധിച്ച് കൊണ്ട് മതാടിസ്ഥാനത്തിലുള്ള പൗരത്വം എന്ന ആശയത്തെ പ്രാവർത്തികമാക്കാനുള്ള ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ശ്രമങ്ങളുടെ തുടക്കമെന്ന നിലയിൽ കിരാതമായ പൗരത്വ നിയമ ഭേദഗതി പാർലിമെന്റിൽ പാസാക്കിയത് ഇക്കഴിഞ്ഞ ഡിസംബർ 12നാണ്. ജനാധിപത്യം എന്നത് ഭൂരിപക്ഷ ഹിതമല്ല എന്നും സമത്വത്തിന്റെ മറ്റൊരു പേരാണ് ജനാധിപത്യം എന്നും ജനാധിപത്യത്തെ മൗലികമായി തന്നെ പുനർ നിർവചിച്ച ഭരണഘടനാ ശിൽപിക്ക് മറ്റെന്നെത്തേക്കാളുമിന്ന് ഏറെ പ്രസക്തിയുണ്ട്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിന് തുടക്കം കുറിച്ചത് കലാലയങ്ങളിൽ നിന്നാണ് എന്നതാവാം സമരത്തിന്റെ പ്രധാന മുദ്രാവാക്യവും പ്രചോദന കേന്ദ്രവും അംബേദ്കറാറാവാൻ പ്രധാന കാരണം. എന്നുമെന്നും കലാലയ പ്രക്ഷോഭങ്ങൾക്ക് അംബേദ്കറുടെ ആശയങ്ങൾ വലിയ ആവേശമായും പ്രചോദനമായും വർത്തിച്ചതായി കാണാൻ കഴിയും. Educate, agitate, and organise അഥവാ വിദ്യ അഭ്യസിക്കൂ പ്രതിഷേധിക്കൂ സംഘടിക്കൂ എന്ന അംബേദ്ക്കറുടെ സന്ദേശം എല്ലാ കാലത്തും സർവകലാശാലകളിലെ രക്തധമനികളിലൂടെ ആഴത്തിലാഴ്ന്നിറങ്ങിയതാണ്.ഇന്ത്യയിലെ മാത്രമല്ല വിദേശ സർവകലാശാലകളിലെയും വിദ്യാർത്ഥി പ്രക്ഷോഭങ്ങളിലും അംബേദ്കറുടെ സന്ദേശങ്ങൾ പലപ്പോഴും പ്രചോദനമായതായി കാണാൻ കഴിയും. വിവിധങ്ങളായ സംസ്കാരങ്ങളും ഭാഷകളും ജീവിത രീതികളും ഭൗമ വൈവിദ്യങ്ങളും വിശ്വാസരീതികളും എന്ന് വേണ്ടാ ലോകത്ത് ഒരു രാജ്യത്തുമില്ലാത്ത വിധം ബഹുസ്വരതയിൽ ബഹുസ്വരത നിറഞ്ഞ ഒരു ജനനിബിഢവും വിശാലവും ആയ ഭൂപ്രദേശത്തെ ഇന്ത്യ എന്ന ഒറ്റ ചരടിൽ കൂട്ടി കെട്ടിയ ദേശീയ പ്രസ്ഥാനത്തിന് അവരെയെല്ലാം ഉൾക്കൊണ്ട് കൊണ്ട് ഒരു ഭരണഘടനയും നിയമസംഹിതയും തയ്യാറാക്കുന സമിതിക്ക് നേതൃത്വം കൊടുക്കാൻ കിട്ടിയത് ലോകത്ത് തന്നെ അത്യപൂർവമായ കഴിവുകൾക്കുടമയായ ഡോക്ടർ അംബേദ്കറെയായിരുന്നു എന്നതാണ് ഇന്ത്യൻ ജനതയുടെ സുകൃതം എന്നതാദ്യം പറഞ്ഞ് വെക്കാം. ദളിതൻ മലം ചുമക്കുന്നത് അവന്റെ മുൻ ജന്മ പാപത്തിന്റെ പേരിലാണ് എന്ന് വരെ മഹതുക്കൾ വരെ വിശ്വസിക്കുകയും ചില സമയങ്ങളിൽ പരസ്യമായി പറയുകയും ചെയ്യുന്ന കാലഘട്ടത്തിലാണിത്തരമൊരു പ്രധാന ഉത്തരവാദിത്തം അംബേദ്ക്കറിൽ കൈവന്നത് എന്നത് മനസിലാക്കേണ്ടതുണ്ട്. ആ സമയത്താണ് ജനാധിപത്യത്തെ അംബേദ്ക്കർ വിവക്ഷിക്കുന്നത് ,അംബേദ്ക്കർ പറയുന്നത് ജനാധിപത്യത്തെ സാഹോദര്യമെന്ന മൂല്യവുമായി ബന്ധിപ്പിക്കാൻ ശ്രമിക്കണം. അഥവാ മറ്റൊരാളിലേക്ക് ഉന്മുഖമായിരിക്കാൻ ശേഷിയും സന്നദ്ധതയുമുള്ള വ്യക്തിയിലാണ് ജനാധിപത്യം അതിന്റെ യഥാർത്ഥ അർത്ഥത്തിൽ പ്രവർത്തിക്കുക. അതായത് ശ്രീനാരായണ ഗുരു പറഞ്ഞതായ അപര പ്രിയത്വം ആത്മത്തിനടിസ്ഥാനമാവുമ്പോഴാണ് വ്യക്തി തന്നെ തന്നെ ഭേദിക്കുന്നത്, എന്ന വാചകത്തിലേത് പോലെ അന്യന്റെ വേവലാതികൾ തന്റെയും വേവലാതിയാവുമ്പോൾ അഥവാ എല്ലാവർക്കും വേണ്ടി എല്ലാവരും പ്രവർത്തിക്കുമ്പോഴാണ് ജനാധിപത്യം പുലരുന്നത്. ജനാധിപത്യത്തിന് അംബേദ്ക്കർ വിവിധ ഘട്ടങ്ങളിൽ വിവിധങ്ങളായ രീതികളിൽ വിവരിച്ചിട്ടുണ്ട് അതിൽ ചിലത് നോക്കാം “ജനാധിപത്യം സർക്കാർ രൂപീകരമല്ല, സഹജീവിതവും പരസ്പരമുള്ള ചർച്ചകളും, സഹജീവികളോടുള്ള ബഹുമാനവും അവരോടുള്ള കരുതലും ആണ് ” “രക്തചൊരിച്ചിലേതുമില്ലാതെ ജനതയുടെ സാമ്പത്തിക സാമൂഹ്യ ജീവിതക്രമങ്ങളിൽ വിപ്ലവകരമായ പരിവർത്തനങ്ങൾ കൊണ്ടുവരാൻ കഴിയുന്ന സമ്പ്രദായവും ഭരണകൂട രൂപവുമാണ് ജനാധിപത്യം” “ജനാധിപത്യം രാഷട്രീയ പ്രയോഗ രൂപം ആയിരിക്കെ തന്നെ അതൊരു ആഴത്തിലുള്ള നൈതിക രൂപവുമാണത്” ജനാധിപത്യം സുപ്രധാനമായും മൂന്ന് തലങ്ങളിലാണെന്നാണ് അദ്ദേഹം പറയുന്നത്, രാഷ്ട്രീയ ജനാധിപത്യം (Political Democracy) സാമൂഹ്യ ജനാധിപത്യം ( Social Democracy) സാമ്പത്തിക ജനാധിപത്യം (Economical Democracy) ഇത് മൂന്നും കൂടിച്ചേർന്നാൽ ആണ് ജനാധിപത്യമാവുന്നതെന്നും ഏതെങ്കിലും ഒന്നിനെ മാറ്റി നിർത്തിയാൽ ജനാധിപത്യം തന്നെ റദ്ധ് ചെയ്യപ്പെടുമെന്നും അദ്ദേഹം തറപ്പിച്ചു പറയുന്നുണ്ട്. അംബേദ്കറുടെ അഭിപ്രായത്തിൽ ജനാധിപത്യത്തിന്റെ പൂർണമായ സംസ്ഥാപനത്തിന് എവിടെയും പ്രകടമായ അസമത്വമൊന്നും തന്നെ ഒരു സമൂഹത്തിലും കാണാൻ പാടില്ല, നമുക്ക് ആയൊരവസ്ഥ സമൂഹത്തിൽ നാളിത് വരെ സാധ്യമായിട്ടില്ല എന്ന് മാത്രമല്ല. നവോത്ഥാന കേരളത്തിൽ പോലും ഭാഷാശൈലിയിലും കലയിലും വസ്ത്രധാരണയിലുമെല്ലാം ഭരണകൂടത്തിന്റെ അല്ലെങ്കിൽ പൊതുബോധത്തിന്റെ അസമത്വധാരണ പ്രകടമാണ്. സോപാന സംഗീതത്തെ ശുദ്ധസംഗീതമായി കാണുന്ന പൊതുബോധം ഒരിക്കലും മാപ്പിളപ്പാട്ടിനെയോ നാടൻ പാട്ടുകളെയോ ഒരിക്കലും ശുദ്ധസംഗീതമായി കാണാൻ സവർണ ബോധം തയ്യാറാവില്ലല്ലോ. തുടിയെയും ദപ്പിനെയുമൊക്കെ ഒരു സാധാരണ സംഗീതോപകരണമായി പോലും കാണുന്നില്ലല്ലോ. സവർണന്റെ മലയാളം ശുദ്ധമലയാളമാവുന്നതും അല്ലാത്തത് വാമൊഴി മാത്രമാകുന്നതും അതിനാലാണ്. അത് പോലെ ഏതൊരു ജനാധിപത്യ സംവിധാനത്തിനും പ്രതിപക്ഷമനിവാര്യമാണ്. അതായത് ഭരണകക്ഷിയെ പോലെ തന്നെ ജനാധിപത്യത്തിൽ സുപ്രധാനമായ ഒരു ഘടകമാണ് പ്രതിപക്ഷവും, നിർഭാഗ്യവശാൽ 2014 മുതൽ രാജ്യത്ത് അതില്ലാത്ത അഥവാ ഒരു പ്രതിപക്ഷ നേതാവില്ലാത്ത അത്യപൂർവസ്ഥിതി വിശേഷം സംജാതമായിരിക്കുന്നു. കോൺഗ്രസ് മുക്ത ഭാരതമെന്ന മുദ്രാവാക്യം പോലും ഫാസിസത്തിന്റെ ജനാധിപത്യ ധ്വംസനത്തിന്റെ ഭാഗമായുള്ളതാണ്. നിയമത്തിലും ഭരണത്തിലുമുള്ള തുല്യതയാണ് മറ്റൊന്ന്, പൗരത്വ വിഷയത്തിൽ പോലും തുല്യനീതിയില്ലാത്ത കാലത്ത് അതിലേറെയൊന്നും പറയേണ്ട. അത് പോലെ തന്നെ ഭരണഘടനാപരമായ ധാർമിക പരിപാലനവും ധാർമിക ക്രമം അഥവാ മതം/ വ്യക്തി ഇഛ പരമല്ലാത്ത പൊതു മനസാക്ഷി നിലനിർത്തിയുള്ള അവസ്ഥയാണ് വേണ്ടത് എന്നു കൂടി അംബേദ്ക്കർ പറഞ്ഞ് വെക്കുന്നു. എന്തായാലും അംബേദ്ക്കറുടെ ജനാധിപത്യ ബോധത്തെ കേവലമൊരു ലേഖനത്തിൽ എഴുതിച്ചേർക്കാൻ മാത്രം ലഘുവായതല്ല എന്ന ഉത്തമ ബോധ്യത്തിൽ തൽക്കാലം വിരാമമിടുന്നു.

Be the first to reply

Leave a Reply

Your email address will not be published. Required fields are marked *