അംബേദ്കറിന് തുല്യം അംബേദ്കർ മാത്രം

” ഹിന്ദു രാഷ്ട്രം രൂപം കൊള്ളുകയാണെങ്കിൽ അത് ഈ രാജ്യത്തെ നയിക്കാൻ പോവുന്നത് കൊടിയ ആപത്തിലേക്കാണ്, അത് തുല്യതക്കും സമവർത്തിത്വത്തിനും ഭീഷണിയാവും, ജനാധിപത്യത്തിന് കടകവിരുദ്ധമായിരിക്കുമത്, ഹൈന്ദവ ഭരണത്തെ പല്ലും നഖവും ഉപയോഗിച്ച് എതിർത്ത് തോൽപിക്കേണ്ടതുണ്ട്” (1946ൽ പ്രസിദ്ധീകരിച്ച അംബേദ്കറിന്റെ Pakistan or partition of India എന്ന പുസ്തകത്തിൽ നിന്ന് ) ദീർഘവീക്ഷണമുള്ള അംബേദ്കറുടെ ഈ വാക്കുകൾ ഇന്നിന്റെ പ്രത്യേക കാലാവസ്ഥയിൽ ഇന്ത്യയിലെ ഓരോ ജനാധിപത്യവിശ്വാസിയുടെയും അകത്തളങ്ങളിലേക്ക് തുളച്ച് കയറേണ്ടതും മനസുകളെ മദിപ്പിക്കേണ്ടതുമാണ്. അംബവദേക്കർ ഭീം റാവു റാംജി സക്പാൽ എന്ന ഡോക്ടർ അംബേദ്കറിന്റെ 129 മത് ജന്മവാർഷിക ദിനത്തിൽ ഇന്ത്യയിലെ അധസ്ഥിത ജനവിഭാഗങ്ങളുടെ നായകനും വിപ്ലവകാരിയും ഭരണഘടനാ ശിൽപിയുമായ അംബേദ്കറെ മാത്രമല്ല കാലയവനികൾക്ക് പോലും അപ്രസക്തമാക്കാൻ കഴിയാത്ത അംബേദ്കറിലെ പ്രചോദിതനെയാണ് നാം പഠിക്കേണ്ടത്. കൊറോണയുടെ ഭയം നിറഞ്ഞ അന്തരീക്ഷത്തിലേക്ക് ഇന്ത്യയും ലോകമാകെയും വഴുതിമാറുന്നതിന്റെ നിമിഷം വരെ ഇന്ത്യയുടെ ഇന്ത്യയുടെ അകത്തളങ്ങളിലെമ്പാടും സമര കോലാഹലങ്ങളും വിപ്ലവ മുദ്രാവാക്യങ്ങളുടെയും സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടങ്ങളുടെയും നിത്യ കാഴ്ച്ചകളുമായിരുന്നു. 2019 ഡിസംബർ 12 ലെ പൗരത്വ നിയമ ഭേദഗതിക്കെതിരായിരുന്നു അവയെല്ലാം തന്നെ. അവിടെങ്ങളിലെല്ലാം മുഴങ്ങി നിന്ന മുദ്രാവാക്യം ജയ് ഭീം എന്നതും പ്ലക്കാർഡുകളിൽ നിറഞ്ഞ് നിന്ന പടം അംബേദ്കറുടേതുമായിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിന് തുടക്കം കുറിച്ചത് കലാലയങ്ങളിൽ നിന്നാണ് എന്നതാവാം സമരത്തിന്റെ പ്രധാന മുദ്രാവാക്യവും പ്രചോദന കേന്ദ്രവും അംബേദ്കറാറാവാൻ പ്രധാന കാരണം. എന്നുമെന്നും കലാലയ പ്രക്ഷോഭങ്ങൾക്ക് അംബേദ്കറുടെ ആശയങ്ങൾ വലിയ ആവേശമായും പ്രചോദനമായും വർത്തിച്ചതായി കാണാൻ കഴിയും. Educate, agitate, and organise അഥവാ വിദ്യ അഭ്യസിക്കൂ പ്രതിഷേധിക്കൂ സംഘടിക്കൂ എന്ന അംബേദ്ക്കറുടെ സന്ദേശം എല്ലാ കാലത്തും സർവകലാശാലകളിലെ രക്തധമനികളിലൂടെ ആഴത്തിലാഴ്ന്നിറങ്ങിയതാണ്.ഇന്ത്യയിലെ മാത്രമല്ല വിദേശ സർവകലാശാലകളിലെയും വിദ്യാർത്ഥി പ്രക്ഷോഭങ്ങളിലും അംബേദ്കറുടെ സന്ദേശങ്ങൾ പലപ്പോഴും പ്രചോദനമായതായി കാണാൻ കഴിയും. ഇന്നത്തെ മഹാരാഷ്ട്രാ സംസ്ഥാനത്തിലെ രത്നഗിരി ജില്ലയിലെ അംബവദേ സ്വദേശിയായ, മധ്യപ്രദേശിലിലെ മഹോവിൽ ജനിച്ച ദരിദ്രനായ ആ ബാലൻ ജാതീയമായ അവഗണനകളും മാറ്റി നിർത്തലുകളും അനുഭവിച്ച് ത്യാഗങ്ങളേറെ സഹിച്ച് നല്ല മാർക്കോടെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തീകരിക്കുകയും ശേഷം ബറോഡ രാജാവായിരുന്ന സായാജിറാവു ഗെയ് ക്വാഡിന്റെ ധനസഹായത്തോടെ വിദേശത്ത് തുടർപഠനം നടത്തുകയും ചെയ്തു. വിദേശത്ത് നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ഇരുപത്തിയൊൻപത് കോഴ്സും ചരിത്രപഠനത്തിൽ പതിനൊന്ന് കോഴ്സും സാമൂഹ്യ ശാസ്ത്രത്തിൽ ആറും തത്വചിന്തയിൽ ഏഴും നരവംശശാസ്ത്രത്തിൽ നാലും, ഫ്രഞ്ച്, ജർമൻ ഭാഷാ സാഹിത്യങ്ങളിലോരോന്നും പൊളിറ്റിക്കൽ സയൻസിൽ മൂന്നും കോഴ്സുകൾ വിജയകരമായി പൂർത്തീകരിച്ച ശേഷമാണ് ഇന്ത്യയിലേക്ക് തിരിച്ച് വന്നത്. ഇത്രയേറെ വിഷയങ്ങളിൽ പാണ്ഡിത്യമുള്ള മറ്റൊരാളുണ്ടങ്കിൽ തന്നെ അപൂർവങ്ങളിൽ അപൂർവമായിരിക്കും. വിദേശത്ത് നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ ആദ്യ ഇന്ത്യക്കാരനെന്ന ബഹുമതിയും അദ്ദേഹത്തിന് തന്നെയാണ്. അംബേദ്കറിലെ പ്രതിഭയോ പ്രവർത്തന മേഖലയോ കേവലം ഒന്നോ രണ്ടോ ഇടങ്ങളിലൊതുങ്ങുന്നില്ല. സകലതലസ്പർശിയായ ബഹുമുഖപ്രതിഭയും വിവിധങ്ങളായ സാമൂഹ്യ, രാഷ്ട്രീയ നവോത്ഥാന പോർമുഖങളുടെ മുന്നണിപ്പോരാളിയും ആശയപ്രതീകവുമാണദ്ധേഹം. ദളിത്കൾക്ക് തടാകത്തിൽ നിന്നും വെള്ളം കുടിക്കാനുളള അവകാശത്തിന് വേണ്ടി അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയ മഹദ് സത്യാഗ്രഹം ആയിരുന്നു അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്ന ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയ ആദ്യ സമര പ്രക്ഷോഭം. മഹാരാഷ്ട്രയിലെ മഹദിലെ ചവാദർ ടാങ്ക് എന്നറിയപ്പെടുന്ന ശുദ്ധജല തടാകത്തിൽ നിന്നും വെള്ളം സംഭരിക്കുന്നതും കുടിക്കുന്നതും അന്നത്തെ സവർണ ജാതി കോമരങ്ങൾ വിലക്കിയിരുന്നു. അതിൽ പ്രതിഷേധവും അരിശവുമുണ്ടായ അംബേദ്കർ തന്റെ സഹപ്രവർത്തകരെയും സുഹൃത്തുക്കളെയും അനുയായി വൃന്ദങ്ങളെയും കൂട്ടി അവിടെയെത്തുകയും ചവാദറിൽ നിന്ന് വെള്ളമെടുത്ത് കുടിക്കുകയും ചെയ്തു. ശുദ്ധജലസ്രോതസുകൾ സ്വകാര്യമായതല്ലെന്നും ദളിതുകളുൾപ്പെടെ സമൂഹത്തിനാകെ അവകാശപ്പെട്ടതാണെന്നും സ്ഥാപിക്കാനും അതിലൂടെ രാജ്യമാകെ ദളിത് പിന്നോക്ക ശാക്തീകരണത്തിനും ഈ മഹാ സംഭവം വലിയ ഉണർവ് നൽകി. സത്യാഗ്രഹ സമരത്തിന് നേതൃത്വം നൽകിക്കൊണ്ട് അന്നവിടെ നടത്തിയ പ്രഭാഷണത്തിൽ അദ്ദേഹം സഹപ്രവർത്തകരോട് പറഞ്ഞ വാക്കുകൾ പ്രസക്തമാണ് “നമ്മൾ ഇവിടെ വെറുതെ സ്വൽപം വെള്ളം കുടിക്കാൻ വേണ്ടി മാത്രം വന്നതല്ല എല്ലാ മനുഷ്യരെയും പോലെയാണ് നമ്മളും എന്നത് മാലോകർക്ക് കാണിച്ചു കൊടുക്കാനും ബോധ്യപ്പെടുത്തിക്കൊടുക്കാനും വേണ്ടി വന്നതാണ്” സാമ്പത്തിക വിദഗ്ദൻ കൂടിയായ അംബേദ്കർ എഴുതിയ
The problem of the rupee- its origin and its solution എന്ന പുസ്തകത്തിൽ നിന്നാണ് റിസർവ് ബേങ്ക് എന്ന ആശയം ബ്രിട്ടീഷ് ഗവർമെന്റിന് ലഭ്യമാവുന്നത്. പുസ്തകത്തിലെ കേന്ദബേങ്കെന്ന ആശയം ഹിൽട്ടൺ യംഗ് കമ്മീഷൻ വിശദപഠനത്തിന് തന്നെ വിധേയമാക്കിയിരുന്നു. ഹിൽട്ടൻ യംഗ് കമ്മീഷനാണ് റിസർവ് ബേങ്ക് രൂപീകരണത്തിൽ നിർണായക പങ്ക് വഹിച്ചത്. അത് പോലെ ജനങ്ങളുടെ വാങ്ങൽ ശേഷിയെ സ്ഥിരപ്പെടുത്തിയാൽ മാത്രമേ രൂപ സ്ഥിരപ്പെടുകയുള്ളൂവെന്നും രൂപയുടെ നിലവാരം പണപ്പെരുപ്പവുമായി ബന്ധപ്പെട്ടതാണെന്നും ആദ്യമായി പറഞ്ഞ് വെച്ചതും അംബേദ്കറായിരുന്നു. അത് പോലെ തന്നെ ദാമോദർ വാലി, ഭക്രനംഗൽ, സൺ റിവർ വാലി, ഹിരാക്കുഡ് തുടങ്ങിയ ജലവൈദ്യുതി പദ്ധതികളാരംഭിക്കുന്നതിലും കേന്ദ്ര ജല കമ്മീഷനും സെൻട്രൽ ടെക്നിക്കൽ പവർബോർഡും സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റിയുമൊക്കെ രൂപീകരിക്കുന്നതിലും ദേശീയ സംസ്ഥാന തലങ്ങളിലെ ജലസേചന, ജലവൈദ്യുത പദ്ധതികളും താപനിലയങ്ങളും സ്ഥാപിക്കുന്നതിലും പവർ ഗ്രിഡിന്റെ വികസനത്തിലുമടക്കം അംബേദ്കറുടെ പങ്കും ഇടപെടലും വിവർണനാതീതമാണ് 1942 മുതൽ1946 വരെ ബ്രിട്ടീഷ് ഇന്ത്യയുടെ വൈസ്രോയി കൗൺസിലിൽ അംഗമായിരുന്നു അംബേദ്കർ. ലേബർ പാർട്ടിയെ പ്രതിനിധീകരിച്ചായിരുന്നു അദ്ദേഹം അംഗത്വം നേടിയിരുന്നത്. ആ അവസരം മുതലെടുത്ത് നിരവധിയായ തൊഴിൽ നിയമ പരിഷ്കരണങ്ങൾക്ക് പിന്നിൽ അദ്ദേഹം പ്രവർത്തിച്ചു. തൊഴിൽ സമയം പന്ത്രണ്ടിൽ നിന്ന് എട്ട് മണിക്കൂറായി ചുരുക്കിയത് അംബേദ്കറുടെ പരിശ്രമങ്ങളിലെ പൊൻ തൂവലാണ്. 1942 നവംബറിൽ ന്യൂഡൽഹിയിൽ ചേർന ഇന്ത്യൻ ലേബർ കോൺഫറൻസിലാണ് ഇത് അംഗീകരിക്കപ്പെട്ടത്. ഇൻഷുറൻസ്, മെഡിക്കൽ ലീവ്, അവധി ആനുകൂല്യങ്ങൾ, തുല്യ ജോലിക്ക് തുല്യവേതനം തുടങ്ങിയവയെല്ലാം ഉറപ്പ് വരുത്തുന്നതിൽ അംബേദ്കറുടെ ഇടപെടൽ നിർണായകമായിരുന്നു. അത് പോലെ സ്വതന്ത്ര ഇന്ത്യയിൽ ജവഹർലാൽ നെഹ്റുവിന്റെ മന്ത്രിസഭയിൽ നിയമമന്ത്രിയായിരുന്ന അംബേദ്കർ 1951 ൽ രാജിവെച്ചൊഴിയാൻ വരെ കാരണം ഹിന്ദു കോഡ് ബില്ലിനായുള്ള പോരാട്ടമായിരുന്നു. ഹിന്ദു സമുദായങ്ങളിലെ സ്ത്രീകൾക്ക് തുല്യനീതിയും അവകാശങ്ങളും ഉറപ്പ് വരുത്തുന്നതാണ് ഹിന്ദു കോഡ് ബിൽ. തുല്യ അവകാശങ്ങൾ ഉറപ്പാക്കുന്നതിലൂടെ ഹിന്ദു സ്ത്രീകളുടെ സാമൂഹ്യ ജീവിതത്തിലെ സ്ഥാനമുയർത്തുക, ലിംഗ ജാതിവിവേചനങ്ങൾ തടയുക, സ്വത്തിൽ തുല്യാവകാശം നിയമപരമായി സ്ഥാപിക്കുക, വിവാഹ മോചനത്തിനുള്ള അവകാശവും പുനർവിവാഹത്തിനുള്ള അവകാശവും ഇതിലൂടെ ഉറപ്പിക്കാൻ സാധിച്ചു. മിശ്രവിവാഹത്തിനും വ്യത്യസ്ത ജാതിയിലും സമുദായത്തിലുമുള്ള കുട്ടികളെ ദത്തെടുക്കുന്നതിനുമുള്ള അവകാശത്തിനായി അദ്ദേഹം വാദിച്ചു. ഓരോ രാജ്യത്തിന്റെയും സാമൂഹ്യ പുരോഗതി വിലയിരുത്തുന്നത് അവിടെ സ്ത്രീകളുടെ പുരോഗതി എത്രത്തോളമുണ്ടന്ന അടിസ്ഥാനത്തിലാണെന്നാണ് അംബേദ്കറുടെ നിലപാട്. ഒരേ ഭാഷ സംസാരിക്കുന്ന ജനസമൂഹങ്ങളെ വിഭജിക്കുകയാണെങ്കിൽ അത് ഭരണപരമായ വിവിധ പ്രാദേശിക മേഖലകളെ പരിഗണിച്ചും ഭൂരിപക്ഷ ന്യൂനപക്ഷ സമുദായങ്ങളുടെ അനുപാതം കണക്കാക്കിയുമാവണമെന്ന അംബേദ്ക്കറുടെ നിലപാട് ജമ്മു കാശ്മീർ എന്ന സംസ്ഥാനത്തെ തന്നെ റദ്ദ് ചെയ്ത് രണ്ട് കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റിയ ഫാസിസ്റ്റ് ഭരണകാലത്ത് ഏറെ പ്രസക്തമായതാണ്.അംബേദ്കറെ കൂടുതലായും പഠിക്കാനും അംബേദ്കറുടെ ചിന്തകളെയും പ്രവർത്തനങ്ങളെയും ഗവേഷണം ചെയ്യാനും പ്രചരിപ്പിക്കാനുമുള്ള സംവിധാനങ്ങളുണ്ടാക്കുക എന്നത് തന്നെയാണ് ഇന്ത്യ ഇന്നഭമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരമെന്ന് മാത്രം വ്യക്തമാക്കുന്നു. അംബേദ്ക്കറുടെ ജീവിത യാഥാർത്ഥ്യങ്ങളെ മുഴുവനായും പ്രതിഫലിപ്പിക്കുക എന്നതിന് ഞാനോ, അല്ലെങ്കിൽ ഒരു കേവല ലേഖനമോ അപ്രാപ്യമാണെന്നതിനാൽ ഇവിടെ ചുരുക്കുന്നു.

Be the first to reply

Leave a Reply

Your email address will not be published. Required fields are marked *