പഞ്ചായത്തീരാജ് ദിനം

കേരളത്തിലെ പഞ്ചായത്തുകൾ ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള പഞ്ചായത്ത് / നഗരസഭകളാണ്.മഹാരാഷ്ട്ര, മധ്യപ്രദേശ്, തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ പഞ്ചായത്ത് കളുടെ ശരാശരി ജനസംഖ്യ 2000- 10000വും ആന്ധ്ര പോലുള്ളിടത്ത് 800-10000 വും പോണ്ടിച്ചേരിയിൽ 300-1500 മൊക്കെയാണെങ്കിൽ മറ്റ് പല സംസ്ഥാനങ്ങളിലും ഇതുപോലെയോ അല്ലെങ്കിൽ ഇതിനോടടുത്തോ നിൽക്കുമ്പോൾ കേരളത്തിലെ പഞ്ചായത്തുകളുടെ ശരാശരി ജനസംഖ്യ 10000 മുതൽ 50000 വരെയാണ്.

മറ്റ് പല സംസ്ഥാനങ്ങളിലെയും പഞ്ചായത്തിലെ മൊത്തം ജനസംഖ്യക്ക് തുല്യമാണ് കേരളത്തിലെ ഒരു വാർഡിലെ ജനസംഖ്യ. അത് കൊണ്ട് തന്നെ കൂടുതൽ ജനങ്ങളിലേക്കിറങ്ങി പ്രവർത്തനങ്ങൾ നടത്താനും അധികാര വികേന്ദ്രീകരണം അതിന്റെ പൂർണമായ അർത്ഥം ഉൾക്കൊണ്ട് നടപ്പിലാക്കാനും നാം പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിൽ വരുത്തേണ്ടതുണ്ട്. നാട്ടിലെ ഓരോ പൗരനെയും സർക്കാറുമായും പദ്ധതികളുമായും കൂട്ടിയിണക്കുകയും ജനാധിപത്യത്തിലും വികസന പ്രവർത്തനങ്ങളിലും നേരിട്ട് പങ്കാളികളാക്കാൻ സാധിക്കുക എന്നതായിരിക്കണം നമ്മുടെ ആത്യന്തികമായ ലക്ഷ്യം.

ചിലപ്പോഴൊക്കെ നമ്മുടെ നാട്ടിലെ പഞ്ചായത്തുകളിൽ പോലും ജനാധിപത്യമെന്നത് അഞ്ച് വർഷത്തിലൊരിക്കൽ വരുന്ന തെരഞ്ഞെടുപ്പിൽ
മാത്രമൊതുങ്ങി പോവുന്ന അവസ്ഥയും കാണാം പഞ്ചയത്ത് ഭരണസമിതിയും ജനങ്ങളിൽ നിന്നുയർന്ന് ഒരു പ്രത്യേകമായ ഉയർന്ന തലത്തിൽ വിഹരിക്കുന്ന ഒരു ഭരണകൂടമായി മാറുന്ന കാഴ്ചയും അരോചകമാവുന്നു. എന്നാലും റൂറൽ കണക്ടിവിറ്റിയുടെ കാര്യത്തിൽ ഇന്ത്യൻ സംസ്ഥാനങ്ങൾക്കിടയിലായാലും ആകെ മൂന്നാം ലോകരാജ്യങ്ങൾക്കിടയിലും കേരളം ഇന്നും മുന്നിൽ നിൽക്കുന്നു എന്നത് വിസ്മരിച്ചു കൂട. എന്നാൽ ലോകത്ത് യൂറോപ്പിലടക്കമുള്ള വികസിത രാജ്യങ്ങളിൽ ചെറു കമ്മ്യൂണിറ്റികളും അതിന്റെ കാര്യക്ഷമമായ പ്രവർത്തനങ്ങളും കാരണം അവിടെ റൂറൽ കണക്ടിവിറ്റി എളുപ്പം സാധ്യമാവാനും വികസന പ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം ഉറപ്പ് വരുത്താനും സാധിക്കുന്നു. കേരളത്തിൽ ഏറ്റവും നന്നായി സംസർഗം സാധ്യമാവുന്നുണ്ടെങ്കിലും കൂടുതൽ മെച്ചപ്പെടുത്താൻ നാം പരിശ്രമിക്കണം.

ഇന്ത്യയിലെ ഗ്രാമീണ അധികാര വികേന്ദ്രീകരണ സംവിധാനമാണ് പഞ്ചായത്ത് രാജ്.രാഷ്ട്രപിതാവ് മഹാത്മാഗാന്ധിജിയുടെ സ്വപ്നവും അദ്ധേഹത്തിന്റെ വിഭാവനയായിരുന്ന ഗ്രാമ സ്വരാജിന്റെയും അതിലൂടെയുള്ള പൂർണ സ്വരാജ് എന്ന ദർശനത്തിന്റെയും പൂർണകായ ബിംബമാണ് പഞ്ചായത്തി രാജ്.ഇന്ത്യയിലെ ഓരോ ഗ്രാമവും സ്വാശ്രയമാവുക എന്നതാണതിന്റെ മുഖ്യ ലക്ഷ്യം.1959 ലെ ഗാന്ധിജയന്തി ദിനത്തിലാണ് ആദ്യമായി ഇന്ത്യയിൽ പഞ്ചായത്ത് രാജിന് തുടക്കമാവുന്നത്. അഥവാ പഞ്ചായത്ത് രാജ് പദ്ധതി ആവിഷ്കരിക്കപ്പെടുന്നത്. അന്ന് രാജസ്ഥാനിലെ നഗൗരിൽ ആണതിന് തുടക്കമിട്ടത്. ശേഷം കേവലം മൂന്ന് മാസത്തിനകം തന്നെ 1960 ജനുവരി മാസം പതിനെട്ടിന് കേരളത്തിലും പഞ്ചായത്തി രാജ് വ്യവസ്ഥ ( സംവിധാനം) ഉദ്ഘാടനം ചെയ്യപ്പെട്ടു. എറണാകുളത്ത് നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തത് അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി മഹാനായ ജവഹർ ലാൽ നെഹ്രു ആയിരുന്നു.എന്നാൽ പൂർണാർത്ഥത്തിൽ പഞ്ചായത്തി രാജ് വ്യവസ്ഥ രാജ്യത്താകെ നിലവിൽ വരുന്നത് 1992 നടന്ന ഭരണഘടനാ ഭേദഗതി പ്രകാരമാണ്. ഭരണഘടനാ ഭേദഗതിയിലൂടെ ഗ്രാമസഭാ രൂപീകരണം നിലവിൽ വന്നതിന്റെ സിൽവർ ജൂബിലിയിൽ ആണ് 2017ൽ നാം.

92 ലെ ഈ ഭരണഘടനാ ഭേദഗതി പ്രകാരം എല്ലാ പഞ്ചായത്തുകളിലെയും ഗ്രാമങ്ങളിലെയും വാർഡുകളിൽ രജിസ്റ്റർ ചെയ്ത വോട്ടർമാരുടെ സമ്മേളനമായ ഗ്രാമസഭകൾക്ക് ഭരണഘടനാപരമായ അംഗീകാരം ലഭിച്ചു. ഇത് വഴി ഗ്രാമപഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് ജില്ലാ പഞ്ചായത്ത് എന്ന ത്രിതല പഞ്ചായത്ത് സംവിധാനം നിലവിൽ വന്നു. ഇവിടുങ്ങളിൽ അഞ്ച് വർഷത്തിൽ ഒരിക്കൽ ജനപ്രതിനിധികളെ തെരഞ്ഞെടുക്കുക. എന്നത് നിർബന്ധമാക്കി. വനിതകൾക്കും പിന്നോക്ക പട്ടികജാതി വിഭാഗങ്ങൾക്കും സംവരണം നിർബന്ധമാക്കി. വ്യത്യസ്തങ്ങളായ ജനവിഭാഗങ്ങളും ഭൂപ്രകൃതിയും ജീവിത ശൈലികളും കൊണ്ട് അലംകൃതമായ ഇന്ത്യയെ പോലുള്ള ഒരു രാജ്യത്ത് ഇത്തരത്തിൽ ഒരു അധികാര വികേന്ദ്രീകരണ സംവിധാനം നടപ്പിൽ വരുത്തുക എന്നത് ഏറേ ദുഷ്കരമായ കർമമാണെങ്കിലും ഇത് നടപ്പിൽ വരുത്തുന്നതിൽ വിജയിച്ചു എന്നത് പ്രശംസനീയമാണ്.

കേരളത്തിൽ ആകെ ബജറ്റിന്റെ 40 ശതമാനം പഞ്ചായത്തുകളുടെ പ്രവർത്തനങ്ങൾക്കായി മാത്രം മാറ്റിവെക്കുന്നു എന്നത് നാം അധികാര വികേന്ദ്രീകരണത്തിലും പഞ്ചായത്തി രാജ് സംവിധാനത്തിനും എത്രമാത്രം പ്രാധാന്യം കൊടുക്കുന്നുണ്ട് എന്നതിന്റെ സൂചനയാണ്. ഇക്കാര്യം മറ്റ് സംസ്ഥാനങ്ങൾക്ക് അനുകരണീയമാവേണ്ട മാതൃകയാണെന്ന കാര്യത്തിൽ സംശയമില്ല. അധികാര വികേന്ദ്രീകരണത്തിന്റെ പ്രഥമ പ്രധാന ലക്ഷ്യം നാടിന്റെ അധികാരപ്രവർത്തനങ്ങളിൽ സാധാരണക്കാർക്ക് കൂടി തൊട്ടറിയാൻ പറ്റുന്ന തരത്തിൽ തന്നെയുള്ള ഒരു പങ്കാളിത്തം ഉറപ്പ് വരുത്തുക എന്നതാണ്.
കേരളത്തിൽ 1200 പഞ്ചായത്തുകളാണ് ആകെ ഇന്ന് നിലവിലുള്ളത്.അതിൽ 941 ഗ്രാമ പഞ്ചായത്തുകൾ, 14 ജില്ലാ പഞ്ചായത്തുകൾ,87 മുനിസിപാലിറ്റികൾ, ആറ് കോർപറേഷനുകൾ എന്നിങ്ങനെയാണ്.

വികേന്ദ്രീകരണത്തിലൂടെ അധികാരം ജനങ്ങളിലേക്ക് എന്ന തത്വം പ്രായോഗിക വർക്കരിക്കുക എന്നതാണ് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പ്രാഥമികമായ ലക്ഷ്യം. അതിലൂടെ സമഗ്രവും പരിപൂർണവുമായ വികസനം ജനങ്ങളുടെ പൂർണ പങ്കാളിത്തത്തോടെയും അവരുടെ ഇഛക്കനുസരിച്ചും നടപ്പിൽ വരുത്തുകയും അവിടങ്ങളിലെ വികസന രൂപം അതാത് സ്ഥലങ്ങളിലെ ജനങ്ങളുടെ തന്നെ ഇഷ്ടങ്ങൾക്കും താൽപര്യങ്ങൾക്കും അനുഗുണമായി വിന്യസിക്കുവാനുമുള്ള ഒരു ഭരണ രീതിയാണ് പഞ്ചായത്തി രാജ്.പ്രാഥമിക വിദ്യാഭ്യാസം, പ്രാഥമികാരോഗ്യം, ശുചിത്വം എന്നിവക്കാണ് പ്രഥമപ്രധാന പരിഗണന കൊടുക്കുന്നത്. എന്നാൽ ഗ്രാമസഭകളുടെ രൂപീകരണം കാൽ നൂറ്റാണ്ട് പിന്നിട്ടിരിക്കുന്ന ഈ സാഹചര്യത്തിൽ അവയുടെ പ്രവർത്തനങ്ങളെ വിമർശന ബുദ്ധിയോടെ തിരിഞ്ഞ് നോക്കുമ്പോൾ പ്രവർത്തനങ്ങൾ വേണ്ട രീതിയിൽ ഇഫക്ടീവ് ആയില്ല എന്ന് തന്നെ പറയേണ്ടി വരും ഇവയുടെ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ പ്രത്യേക പരിപാടികളും പദ്ധതികളും ആവിഷ്കരിക്കണം.രാഷ്ട്രീയ പാർട്ടികളുടെ വക്താക്കളാവരുത് ഗ്രാമസഭാ തലവൻമാർ.ജനങ്ങളുടെ ശബ്ദം അതിന്റെ പ്രഭ ചോരാതെ ഭരണകൂടത്തിന്റെ മുന്നിലെത്തിക്കാൻ പ്രാപ്തനായ വ്യക്തിയായിരിക്കണം ഗ്രാമസഭാ തലവൻ, ഗ്രാമസഭാ അധികാരികളുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും കർമ പരിപാടികളും പ്രത്യേകം നിർവചിച്ച് അവരെ അറിയിക്കണമെന്നും ഗ്രാമസഭാ സെക്രട്ടറിയേറ്റ്കളുടെ പ്രവർത്തന രീതി വ്യക്തമാക്കിക്കൊടുക്കണമെന്നുമൊക്കെയുള്ള നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ നാം ജാഗ്രത കാണിക്കണം.

ഗ്രാമീണ വികസന പദ്ധതികളുടെ ആസൂത്രണത്തിലും നടത്തിപ്പിലും ഗ്രാമസഭകളുടെ പൂർണ പങ്കാളിത്തം ഉണ്ടാക്കാനും കാർഷിക, മാനവിക, സാമൂഹിക മേഖലകളിലുള്ള ഗ്രാമസഭാ സാന്നിദ്ധ്യം വർദ്ധിപ്പിക്കാനുമുള്ള നടപടി സ്വീകരിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനസംഖ്യയുടെ ആധിക്യം കാരണമോ മറ്റോ അതും ജനങ്ങൾക്ക് അപ്രാപ്യമായ ഒരു അധികാര കേന്ദ്രമായി മാറി പോവുന്നു എന്നുള്ളത് നാം ഗൗരവത്തോടെ മനസിലാക്കേണ്ടിയിരിക്കുന്നു.

ഗ്രാമസഭകൾ സജീവമാക്കാനും ജനങ്ങൾക്ക് കൂടുതൽ അധികാരങ്ങളിലിടപെടാനും മറ്റു സേവനങ്ങൾ എളുപ്പമാക്കാനും തന്നെയാണ് സംസ്ഥാന സർക്കാർ സംസ്ഥാനത്തെ എല്ലാ വാർഡുകളിലും ഗ്രാമകേന്ദ്രങ്ങൾ അഥവാ സേവാ കേന്ദ്രങ്ങൾ തുടങ്ങുവാനുള്ള നിർദ്ദേശം നൽകിയത്. അന്നത്തെ ആസൂത്രണ ബോർഡംഗം സി പി ജോണടക്കമുള്ളവരുടെ താൽപര്യാനുസരണം കൃത്യമായ മാർഗനിർദ്ദേശങ്ങളടക്കമുള്ളവ ഉൾകൊള്ളിച്ച് കൊണ്ട് തന്നെ ഗ്രാമകേന്ദ്രം അഥവാ സേവാകേന്ദ്രം എന്ന പദ്ധതിക്ക് രൂപം നൽകിയത്. എന്നാൽ എന്ത് കൊണ്ടോ അത് അതിന്റെ ഫലപ്രാപ്തിയിൽ ഇത് വരെ എത്തിയില്ല.

തദ്ദേശ സ്വയംഭരണ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കാനും ജനപങ്കാളിത്തം കൂടുതൽ ഉറപ്പ് വരുത്തുന്നതിനുമായി വാർഡുകൾ കേന്ദ്രീകരിച്ച് തുടങ്ങാൻ തീരുമാനിച്ച ഏറ്റവും മഹത്തായ ഈ ആശയത്തെയാണ് ചില ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥന്മാരുടെയും തെറ്റായ നയസമീപനങ്ങളുടെയും തീരുമാനങ്ങളുടെയും കുടുസായ ചിന്താഗതിയുടെയും കാരണത്താൽ ഇവിടെ അട്ടിമറിക്കപ്പെട്ടത്. ഓരോ വാർഡിലും ഗ്രാമ സഭയുടെ ആസ്ഥാനമായി സേവാ ഗ്രാമകേന്ദ്രവും നഗരസഭാ വാർഡ്കളിൽ സേവാഗ്രാം വാർഡ് കേന്ദ്രവും രൂപീകരിക്കാനുള്ള ഉമ്മൻ ചാണ്ടി സർക്കാർ തീരുമാനം സംസ്ഥാനത്തിന്റെ വികസനം അടിത്തട്ട് വരെ പ്രശോഭിക്കാനും അത് വഴി ചരിത്രത്തിൽ തങ്കലിപികളാൽ എഴുതിവെക്ക പേടെണ്ടിയിരുന്ന ഒരു ഉദ്യമവുമായിരുന്നു. അതാണ് അട്ടിമറിക്കപ്പെട്ടത്

ഇതെന്തുകൊണ്ട് നടപ്പിൽ വരുത്തുന്നതിന് സാധിക്കുന്നില്ല.ചില തീരുമാനങ്ങൾ ഇഛാശക്തിയോടെ നടപ്പിൽ വരുത്തുന്നതിൽ എന്തുകൊണ്ട് ഉന്നത നേതൃത്വത്തിന് വീഴ്ച പറ്റുന്നു.ഇതിന്ന് പിന്നിൽ ഏത് തരം താൽപര്യങ്ങളാണ് പ്രവർത്തിക്കുന്നത് ‘ഇവയൊക്കെ നാം ഗൗരവത്തോടെയുള്ള പഠനത്തിനും പുന: ചിന്തക്കും വിധേയമാക്കപ്പെടണം. ഇതിന് സന്നദ്ധ സംഘടനകളടക്കമുള്ളവരെ നിയോഗിച്ച് പഠന റിപ്പോർട്ട് തയ്യാറാക്കിപ്പിക്കണം. 2014 ഒക്ടോബർ രണ്ടിന് ആയിരുന്നു സർക്കാർ ഉത്തരവ് പ്രകാരം സേവാഗ്രാം നിലവിൽ വരേണ്ടിയിരുന്നത്. എന്നാൽ വിരലിലെണ്ണാൻ കഴിയുന്നത്ര മാത്രം വാർഡുകളിലൊഴികെ മറ്റൊരിടത്തും സേവാഗ്രാം പദ്ധതി നിലവിൽ വന്നില്ല എന്നത് പരിശോദിച്ചേ മതിയാവൂ. കോടിക്കണക്കിന് രൂപയാണ് ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥന്മാർക്കും മാധ്യമ പ്രവർത്തകർക്കും സേവാഗ്രാമിനെ കുറിച്ച് അവബോധം നൽകാനായി ശിൽപശാലകൾ നടത്തി ചിലവഴിച്ചത് .

അധികാര വികേന്ദ്രീകരണം ഏറ്റവും ഫലപ്രാപ്തിയിൽ നടപ്പിലാക്കാൻ ജനപ്രതിനിധി ചെയർമാനായ 25 അംഗ സമിതിയുണ്ടാക്കും. അതിൽ വിരമിച്ച ഉദ്യോഗസ്ഥർ സന്നദ്ധ സാംസ്കാരിക പ്രവർത്തകർ എന്നിവരെയെല്ലാം ഉൾപ്പെടുത്തും.ഈ സമിതിയുടെ നേതൃത്വത്തിലാണ് സേവാഗ്രാം ഗ്രാമകേന്ദ്ര തുടങ്ങേണ്ടത്. തദ്ദേശ സ്ഥാപനങ്ങളുടെ ഒരു മിനി ഓഫീസായിരിക്കും സേവാഗ്രാം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സർക്കാറിന്റെയും വിവിധ പദ്ധതികൾ ഇവയിലൊക്കെ അപേക്ഷിക്കേണ്ടതെങ്ങനെ, മറ്റ് സംശയങ്ങൾ, എന്നിവയെ കുറിച്ചെല്ലാം വിശദവിവരക്കൾ ഇവിടെ നിന്നറിയാൻ കഴിയും. വീട്ടുകരം അടക്കാനും സൗകര്യമേർപ്പെടുത്തും. എന്തിനും ഏതിനും പഞ്ചായത്ത് / നഗരസഭാ ഓഫീസുകളിൽ കയറി ഇറങ്ങുന്നത് ഒഴിവാക്കാനും അതത് വാർഡുകളിലെ പ്രശ്നങ്ങൾ സേവാഗ്രാമിൽ ചർച്ച ചെയ്ത് പരിഹരിക്കാനും സാധിക്കുമെന്നതാണ് ഇതിന്റെ ഏറ്റവും പ്രധാന സവിശേഷതകൾ .ഓരോ വാർഡിലും സേവാഗ്രാം പ്രവർത്തിപ്പിക്കുന്നതിന് മുറിയെടുക്കാൻ അതത് പഞ്ചായത്ത്/ നഗരസഭകൾ 50000 രൂപ അനുവദിക്കും.’
കൂടാതെ 1500 രൂപാ പ്രതിമാസം ഹോണറേറിയം നൽകി താൽക്കാലിക ജീവനക്കാരനേയും നിയമിക്കാം. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ ആഴ്ചയിലൊരിക്കൽ സേവാഗ്രാമിലെത്തി പൊതു ജനങ്ങളുടെ സംശയങ്ങൾ ദുരീകരിക്കാൻ ചുരുങ്ങിയത് രണ്ട് മണിക്കൂർ ചിലവഴിക്കും. ഇത്രയേറെ ജനോപകാരപ്രദവും വിപ്ലവകരവുമായ ഒരു തീരുമാനത്തെയാണ് ഇവിടെ നടപ്പിലാക്കാൻ മടിക്കുന്നത് എന്നത് ആശ്ചര്യപ്പെടുത്തുന്നു.

Be the first to reply

Leave a Reply

Your email address will not be published. Required fields are marked *