പൊതു വിദ്യാലയങ്ങൾ നിലനിർത്തേണ്ടത് സമുഹത്തിന്റെ ബാധ്യത

പൊതു വിദ്യാലയങ്ങൾ നിലനിർത്തേണ്ടത് സമൂഹത്തിന്റെ ബാധ്യത
ആസിഫ് കുന്നത്ത്
9847503960

വിദ്യാലയങ്ങളെ ആദായകരം എന്നും അനാദായകരം എന്നും തരം തിരിക്കുന്നത് അങ്ങേയറ്റം പരിതാപകരമായ പ്രവണതയാണ്. സ്കൂളിലെ വിദ്യാർത്ഥിളുടെ എണ്ണം നോക്കിയാണ് അതിനെ ആദായകരം, അനാദായകരം എന്നിങ്ങനെ തരം തിരിക്കുന്നത്.ഇതിന്റെ അടിസ്ഥാനത്തിൽ പതിനഞ്ച് കുട്ടികളെങ്കിലും ഒരു ക്ളാസിലില്ലെങ്കിൽ ആ സ്കൂൾ അനാദായകരത്തിന്റെ പട്ടികയിലാണ് അതായത് അടച്ച് പൂട്ടാനുള്ളവയാണ്. എന്ത് കൊണ്ട് കുട്ടികൾ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ചേരാൻ മടിക്കുന്നു എന്നത് പഠിച്ച് കാരണങ്ങൾ പരിഹരിച്ച് വേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്തി അവിടേക്ക് കുട്ടികളെ ആകർഷിക്കാനുള്ള നടപടിയാണുണ്ടാവേണ്ടത്. അത്തരം വികസന പ്രവർത്തനങ്ങൾ നടത്താൻ തയ്യാറല്ലാത്ത മേനേജ്മെന്റുകൾക്ക് ന്യായമായ തുക നൽകി സ്കൂളുകൾ ഏറ്റെടുക്കാൻ സർക്കാർ തയ്യാറാവണം
    എന്നാൽ ആദായകരമല്ലാത്ത എല്ലാ സ്കൂളുകളും സർക്കാർ ഏറ്റെടുക്കുക എന്നത് ദീർഘകാലാടിസ്ഥാനത്തിൽ നോക്കിയാൽ സംസ്ഥാനത്തിന് ആശാസ്യമാവണമെന്നില്ല. അത് വിദ്യാഭ്യാസ മേഖലയിൽ കനത്ത പ്രത്യാഘാതങ്ങൾ ഉണ്ടാകാനിടയുണ്ട്. കേരളത്തിൽ പൊതുവിദ്യാഭ്യാസ രംഗം അസന്തുലിതമാണ് കാരണ ചില സ്ഥലങ്ങളിൽ സർക്കാർ എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകൾ അടുത്തടുത്ത് തന്നെ പ്രവർത്തിക്കുന്നുണ്ട് എന്നാൽ ചിലയിടങ്ങളിഇവ മൂന്നും തന്നെയില്ല എന്നതും നാം മനസിലാക്കണം.ഈ അസന്തുലിതാവസ്ഥ പരിഹരിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണം. അതിന് ഒരു പഠന സമിതിയെ നിയോഗിച്ച് ഒരു സ്കൂൾ മാപ്പിങ്ങ് നടത്തണം. ആദായകരമല്ലാത്തതിന്റെ പേരിൽ പൂട്ടുന്ന എല്ലാ സ്കൂളുകളും വലിയ തുക മുടക്കി ഏറ്റെടുക്കുന്നതിന് പകരം ആ സ്ഥലത്ത് സ്കൂളിന്റെ ആവശ്യകത എത്രത്തോളമുണ്ട് എന്നത് വിലയിരുത്തണം.സ്കൂളിന്റെ ആവശ്യമില്ലാത്ത സ്ഥലമാണങ്കിൽ പൂട്ടിയ സ്കൂളിൽ ശേഷിക്കുന്ന കുട്ടികളെ സമീപത്തെ സ്കൂളുകളിൽ അവർക്ക് അതേ രീതിയിൽ പഠിക്കാനുള്ള സൗകര്യം സർക്കാർ ചെയത് കൊടുക്കുകയാണ് വേണ്ടത്. എന്നിട്ട് അത്തരം സ്ക്കൂളുകൾ തീരെ സ്കൂളുൾ ഇല്ലാത്ത മറ്റ് സ്ഥലങ്ങളിൽ പുന സ്ഥാപിക്കുകയാണ് ഉചിതം. സ്കൂളുകൾ അടച്ച് പൂട്ടുന്നത് ദരിദ്രരും സമൂഹത്തിലെ താഴെക്കിടയിലുള്ളവരുമായി ധാരാളം കുട്ടികൾ പഠനം നിർത്താനിടവരുത്തും എന്നത് നാം ഭയത്തോടെ ഓർക്കേണ്ടതാണ്.
  കേരളത്തിലെ വിദ്യാഭ്യാസ നയം രൂപീകരിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നത് അധ്യാപക സംഘടനകളാണ് എന്ന് നമുക്കറിയാം. വിദ്യാഭ്യാസ നയം മാത്രമല്ല പരീക്ഷകളും സിലബസും ക്വസ്റ്റ്യൻ പേപ്പറും വാല്യുവേഷനും യുവജനോത്സവവും ട്രാൻസ്ഫറും പോസ്റ്റിങ്ങും എന്ന് വേണ്ട വിദ്യാഭ്യാസ രംഗത്തെ ചെറുതും വലുതുമായ എല്ലാ കാര്യങ്ങളും നിയന്ത്രിച്ചത് അധ്യാപക സംഘടനകളാണ് ചിലപ്പോഴൊക്കെ മന്ത്രിയെയും മന്ത്രി ആഫീസിനെയും വരെ നിയന്ത്രിച്ചിരുന്നതും നിയന്ത്രിച്ച് കൊണ്ടിരിക്കുന്നതും ഇവര് തന്നെ എന്ന് പറയേണ്ടി വരും
   ഒരു വിധം നിവൃത്തിയുള്ള മലയാളി രക്ഷിതാക്കളെല്ലാം തന്നെ സ്വന്തം മക്കളെ സർക്കാർ സംവിധാനത്തിലുള്ള പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിപ്പിക്കാൻ താൽപര്യപ്പെടുന്നില്ല എന്നതിന് യഥാർത്ത കാരണക്കാരായി ഞാൻ കാണുന്നത് സർക്കാറിനെയും മന്ത്രിയെയും ഒക്കെ പിന്നിൽ നിന്ന് നിയന്ത്രിക്കുന്ന ഇവരാണെന്ന് ഞാൻ പറയും
   സംഘടനാ പ്രവർത്തനത്തിന്റെയും മറ്റ് തെണ്ടിതിരിയലിന്റെയും ഇടയിൽ പഠിപ്പിക്കാൻ നേരമില്ലാത്ത അധ്യാപകർ അവരുടെ സംഘടനാ നേതാക്കളെ കൊണ്ട് സർക്കാറിൽ സ്വാധീനിച്ച് കൊണ്ടുവന്നതാണ് കുട്ടികളെ പഠിപ്പിച്ചില്ലെങ്കിലും കുട്ടികൾ പഠിച്ചില്ലെങ്കിലും പാസാക്കാനുള്ള ആൾ പ്രമോഷൻ എന്ന സമ്പ്രദായം. ഒന്നാം ക്ലാസ് മുതൽ എസ് എസ് എൽ സി വരെയുള്ളവരെ യാതൊരു മാനസിക പ്രയാസവുമില്ലാതെ തന്നെ എല്ലാവരെയും വിജയിപ്പിച്ചു. ഇന്നത്തെ പൊതു പരീക്ഷാ സമ്പ്രദായത്തിൽ വിജയം ആർക്കും സാധ്യമാണ്. എന്നാൽ തോൽക്കാനാണ് ബുദ്ധിയും മിടുക്കുമൊക്ക പ്രയോഗിക്കേണ്ടത് കഴിഞ്ഞ വർഷം എസ് എസ് എൽ സി പരീക്ഷ എഴുതിയ5,64 ലക്ഷത്തിലധികം വിദ്യാർത്ഥികളിൽ തുടർ പഠനത്തിന് യോഗ്യത നേടാത്തവർ അഥവാ പരാജയപ്പെട്ടവർ 3912 പേർ മാത്രമാണ് .പത്ത് വർഷം മുമ്പ് വരെ 58 ശതമാനവും മറ്റുമായിരുന്നു വിജയശതമാനമെങ്കിൽ പിന്നീട് മാർക്ക് കൊട്ടക്കണക്കിന് വാരി നൽകിയും വികലമാക്കിയപേപ്പർ വാല്യുവേഷൻ സമ്പ്രദായവുമാണ് ആത്യന്തികമായി വിദ്യാർത്ഥികളെ തന്നെ സർവനാശത്തിലേക്ക് തള്ളിവിടാനുള്ള ഈ ശതമാന വർദ്ദനവിലേക്ക് എത്തിച്ചത്.തുടർപഠനത്തിന് പോകുന്ന അവസരത്തിൽ മാർക്കിന്റെ അടിസ്ഥാനത്തിൽ സീറ്റ് തരപ്പെടുത്തിയെടുക്കാമെങ്കിലും തുടർ പരീക്ഷയിൽ ഇത്തരം വിദ്യാർത്ഥി കൂടെ അവസ്ഥ പരിതാപകരം തന്നെ. സി ബി എസ് ഇ പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികളോടൊപ്പം ഓടിയെത്താൻ ഇവർ ഒരു പാട് കിതക്കേണ്ടി വരും. അത്തരം സാഹചര്യങ്ങൾ മനസിലാക്കുകയും കുട്ടികൾ പഠിച്ച് തന്നെ വളരണമെന്ന നിർബന്ധബുദ്ധിയുള്ളവരുമായ രക്ഷിതാക്കൾ അവരെ കേന്ദ്ര സിലബസ് പ്രകാരം പഠിപ്പിക്കുന്ന സ്വകാര്യ വിദ്യാലയങ്ങളിലേക്ക് മാറ്റി ചേർക്കുന്നത് സ്വാഭാവികം മാത്രം. അങ്ങനെ കോടിക്കണക്കിന് രൂപ മുടക്കി നമ്മുടെ സർക്കാർ ഏർപ്പെടുത്തുന്ന സാർവ്വത്രിക വിദ്യാഭ്യാസം ആർക്കും വേണ്ടെന്ന സ്ഥിതിയായി. എന്ത് കൊണ്ട് ഇങ്ങനെ സംഭവിക്കുന്നു. ആരൊക്കെയാണ് ഇതിന് ഉത്തരവാദികൾ ഏത് തരത്തിൽ പൊതുവിദ്യാഭ്യാസ സമ്പ്രദായം നിലനിർത്താം എന്നതിനെയൊക്കെ കുറിച്ച് ഒരു ഗൗരവപൂർണമായ സമീപനം ആണ് പുതിയ പിണറായി സർക്കാറിൽ നിന്ന് നാം പ്രതീക്ഷിക്കുന്നത്. ആദ്യം ചെയ്യേണ്ടത് വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ടു ചെയ്യുന്ന കാര്യങ്ങൾ ഇത്തരം സംഘടനാ പ്രമാണിമാരുമായി ചർച്ച ചെയ്യുന്നതിന് പകരം വിദ്യാഭ്യാസ വിചക്ഷണന്മാരടക്കമുള്ള വിദഗ്ദരുമായി ചർച്ച ചെയ്യാൻ മുൻകൈയ്യെടുക്കുക എന്നതാണ്
    വിദ്യാർത്ഥി ക്ഷാമം കാരണം പൂട്ടലിന്റെ വക്കത്ത് എത്തി നിൽക്കുന്ന മൂവായിരത്തിലധികം വിദ്യാലയങ്ങളാണ് കേരളത്തിന്റെ പൊതു വിദ്യാഭ്യാസ മേഖലയിലുള്ളത് അതിൽ തന്നെ ആയിരത്തോളം സ്കൂളുകൾ പൂട്ടുവാനുള്ള അനുവാദത്തിന് അപേക്ഷ സമർപ്പിച്ചു കഴിഞ്ഞു.കെ.ഇ.ആറിലെ 7 (6) വകുപ്പനുസരിച്ച് ഒരു കൊല്ലത്തെ നോട്ടീസ് കൊടുത്ത് സ്കൂൾ പൂട്ടുവാനുളള അനുമതി വാങ്ങാൻ മാനേജ്മെന്റിന് കഴിയും കെ ഇ ആറിലെ വ്യവസ്ഥകൾ നിയമ ഭേദഗതിയായി മറികടക്കുക എന്നത് വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ പരിധിയിൽപ്പെടാത്ത സ്കൂളുകൾക്ക് എളുപ്പമാണ്. എന്നാൽ ഇത് മാത്രമല്ല ഈ ദുരവസ്ഥ മറികടക്കാനുളള പോംവഴി. ആദ്യം വേണ്ടത് വിദ്യാലയങ്ങൾ ഹൈടെക് ആക്കുക എന്നതാണ്. സിലബസും പരീക്ഷയും പേപ്പർ വാല്യുവേഷനും ആൾ പ്രമോഷനും ഒക്കെ പുനപരിശോധിക്കണം.അത് പോലെ സ്കൂളുകളുടെ ഭൗതിക സാഹചര്യങ്ങളും കാലാനുസൃതമായി ഉയർത്തണം. അതോടൊപ്പം വിദ്യാഭ്യാസനയത്തിലുള്ള സമൂല പരിഷ്ക്കാരവും .ഭൗതിക സാഹചര്യമാറ്റത്തിന് കോഴിക്കോട് നടക്കാവ് സ്കൂൾ മാതൃകയാക്കാം. ഇന്ന് ഒരു എം എൽ എക്ക് 30 കോടി രൂപ ആസ്തി വികസന ഫണ്ട് ഉണ്ട് എന്നതും നാം ഓർക്കണം
   ആദ്യമായി കുട്ടികളില്ല എന്ന കാരണത്താൽ സ്കൂൾ പൂട്ടിയത് മലയാളത്തിന്റെ മഹാകവിത്രയങ്ങളിൽപ്പെട്ട ഉള്ളൂർ എസ്.പരമേശ്വരയ്യരുടെ ജന്മനാട്ടിലാണ് ഏതാണ്ട് മൂന്ന് പതിറ്റാണ്ട് മുമ്പ് ഒരു യുഡിഎഫ് ഭരണകാലത്തായിരുന്നു അത്.ശ്രീ.ടി.എം.ജേക്കബ് ആയിരുന്നു അന്നത്തെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി. ആദായകരം അനാദായകരം എന്ന് വിദ്യാലയങ്ങളെ തരംതിരിക്കുന്നതിന് മുമ്പ് നടന്നതാണ്. എങ്കിലും ഉള്ളൂർ  യു പി സ്കൂൾ പൂട്ടാനുള്ള കാരണവും അത് തന്നെയായിരുന്നു എന്ന് കാണാം. പൊതു വിദ്യാഭ്യാസ സമ്പ്രദായത്തിൽ ആളുകളുടെ വിശ്വാസം നശിച്ച് തുടങ്ങിയത് ഡി പി ഇ പി കാലം മുതലാണ്. എന്നാൽ ഡി പി ഇ പി നിർത്തലാക്കാൻ സർക്കാർ തീരുമാനിക്കുകയും തുടർന്ന് പൊതുവിദ്യാഭ്യാസ രംഗത്ത് വീണ്ടും ഉണർവ് ഉണ്ടാവുകയും ചെയ്തു. വീണ്ടും കുറച്ച് വർഷങ്ങളായി പൊതു വിദ്യാഭ്യാസ മേഖലയെ സംശയത്തോടെയാണ് നോക്കിക്കാണുന്നത്. അതിനുള്ള പ്രധാന കാരണം മാർക്ക് വാരിക്കോരി കൊടുത്തുള്ള പരീക്ഷാ സമ്പ്രദായം തന്നെയാണ്. ഈയവസരം പരമാവധി മുതലെടുക്കാൻ മറു വശത്ത് കേന്ദ്ര സിലബസിൽ പഠിപ്പിക്കുന്ന സ്വകാര്യ മുതലാളിമാരുടെയും മദ്യരാജാക്കൻമാരുടെയും മത സാമുദായിക മുതലാളിമാരുടെയും മറ്റും ഉടമസ്ഥതയിലുള്ള സ്വകാര്യ സ്കൂളുകൾ ഉണ്ട് എന്നുള്ളത് ഇവർ കാണുന്നില്ല. അഥവാ കണ്ടില്ലെന്ന് നടിക്കുന്നു. കാലിനടിയിലെ മണ്ണ് തീർത്ത് ഒലിച്ച് പോകുന്നതിന് മുമ്പെങ്കിലും അധ്യാപക സംഘടനകളും മറ്റും ഇക്കാര്യത്തിൽ ഗൗരവമായി ചിന്തിച്ചേ മതിയാകൂ
   സർക്കാർ എയ്ഡഡ് മേഖലയിൽ 5437 സ്കൂളുകളാണ് ലാഭകരമല്ലാത്തവയുടെ പട്ടികയിൽ ഇടം പിടിച്ചത് അതിൽ 25 എണ്ണം നിലവിൽ പൂട്ടാൻ തയ്യാറായി കാത്തിരിക്കുന്നു. മുൻ കാലങ്ങളിൽ മത സാമുദായിക സംഘടനകളും ജനകീയ സമിതികളും നാട്ടിനോട് പ്രതിപദ്ധതയുള്ള നല്ലവരായ വ്യക്തികളും ലാഭേഛയില്ലാതെ തുടങ്ങിയ മഹത് സംരഭമായിരുന്നു എയ്ഡഡ് സ്കൂൾ എങ്കിൽ തലമുറ മാറ്റത്തിന്റെ ഭാഗമായും വിൽപനകളിലൂടെയും കൈവന്ന ഇന്നത്തെ കൈകർത്താക്കൾ സ്കൂൾ എന്ന മഹത്തായ ആശയത്തെ വെറും കച്ചവട കണ്ണോട് കൂടി നോക്കി കാണുമ്പോൾ അത് പ്രവർത്തിപ്പിക്കുന്നതിനേക്കാളും അത് നിൽക്കുന്ന സ്ഥലത്തിന്റെ അഥവാ ഭൂമിയുടെ വിലയാണ് അവരെ ആകർഷിക്കുന്നത് അത് കൊണ്ട് തന്നെ ബോധപൂർവ്വമായി കുട്ടികളെ കുറച്ച് കെ ഇ ആർ 7 (6) ഉപയോഗിച്ച് സ്കൂൾ പൂട്ടാനുളള ശ്രമം നടത്തുകയും പിന്നീട് ഭൂമി റിയൽ എസ്റ്റേറ്റ് മാഫിയക്ക് വിട്ടുനൽകുന്നതുമാണ് ചില സന്ദർഭങ്ങളിലൊക്കെ നമുക്ക് കാണാൻ കഴിയുന്നത് അത് കൊണ്ടാണ് ഇത്തരം സാഹചര്യങ്ങളിൽ അവർ ജനകീയ ചെറുത്തു നിൽപുകളെ അഭിമുഖീകരിക്കേണ്ടി വരുന്നത് .അതുകൊണ്ട് തന്നെ ഇത്തരം വിഷയങ്ങളെല്ലാം പരിഗണിച്ച് സമൂല പരിഷ്കാരത്തിനാണ് സർക്കാർ മുൻകൈ എടുക്കേണ്ടത്.പുതിയ വിദ്യാഭ്യാസ മന്ത്രിയിൽ വലിയ വിശ്വാസമർപ്പിക്കാമെന്ന് കരുതാം

Be the first to reply

Leave a Reply

Your email address will not be published. Required fields are marked *